ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ചെമ്പൈ  സംഗീത മണ്ഡപം 

ചെമ്പൈ സംഗീതോത്സവത്തിന് പുതിയ സംഗീത മണ്ഡപം ഒരുങ്ങി. അമ്പതാം ചെമ്പൈ  സംഗീതോത്സവത്തിന് നവംമ്പർ 26 ന്  വൈകിട്ട്  ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും.

ഇത്തവണ ക്ഷേത്ര ശില്‌പ മാതൃകയിലാണ് ചെമ്പൈ സംഗീത മണ്ഡപം. ഇതിനായി സംഗീത മണ്ഡപ നിർമ്മാണം പുരോഗമിക്കുകയാണ്. ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിനു മുകൾ ഭാഗം സമാന രീതിയിൽ ഗജലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ  ആന കൊമ്പും എന്ന മാതൃകയിലാണ് സംഗീത മണ്ഡപം ഉണ്ടാക്കിയിരിക്കുന്നത്.

അതിന്റെ ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളാണ്. കൂടാതെ വ്യാളി രൂപശില്പവും. ഇരു ഭാഗത്തും നാല് തൂണുകൾ ശില്പമാതൃകയിൽ ഒരുക്കിയിട്ടുണ്ട്. ദ്വാരാപാലകർക്ക് മുൻ വശത്തായി മൃഗവ്യാളി ശില്പം കൊത്തിയ കരിങ്കൽ സോപാനമാണ്. സംഗീതോത്സവത്തിൻ്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്.

പത്ത് ദിവസമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ ചുമർ ചിത്ര പഠന കേന്ദ്രത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ അഭിജിത്ത് ടി.എസ്. വിഷ്ണു കെ.എസ്, അഖില ബാബു, കവിത പി. എസ് , അപർണ്ണ ശിവാനന്ദ്, സ്നേഹ എം, അഞ്ചാം വർഷ വിദ്യാർത്ഥിനി ശ്രീജ എ.ജെ., ഒന്നാം വർഷവിദ്യാർത്ഥികളായ നവനീത് ദേവ്, അനിരുദ്ധ്, അഭിൻ , ഗോവർദ്ധൻ, പൂജ, അജ്ഞലി, ദുർഗ്ഗ, ദേവി നന്ദന എന്നീ വിദ്യാർത്ഥികളാണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്.

പതിമൂന്ന് വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി ( സുകു ) ആണ്. ഹൃത്വിക്ക് , ലിജിൻ, അഭിനവ് , കണ്ണൻ എന്നിവരും മണ്ഡപത്തിൽ ശില്പങ്ങൾ തയ്യാറാക്കുന്നതിൽ സഹായികളായി ഉണ്ടായിരുന്നു.

ഇതോടൊപ്പം  സംഗീതോത്സവം നടക്കുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ വലതു ഭാഗത്തായി  ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന  ശില്പവും മുൻ വശത്തായി അഞ്ചു തട്ടുകൾ ഉള്ള ദീപസ്തംഭവും ഉണ്ട്. ആസ്വാദകർക്ക് ഫോട്ടോ എടുക്കുന്നതിനായി സെൽഫി കോർണറും നിർമ്മിച്ചിട്ടുണ്ട്. നവംബർ 25 രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീത മണ്ഡപം സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *