84 കാരിക്ക് സങ്കീർണ ഹൃദയരോഗ ചികിത്സ നൽകി എറണാകുളം ജനറൽ ആശുപത്രി

ഹൃദയരോഗ ചികിത്സയിൽ മുന്നേറ്റവുമായി വീണ്ടും എറണാകുളം ജനറൽ ആശുപത്രി. ആശുപത്രിയിൽ ടി.എ.വി.ആർ ചികിത്സ വിജയകരമായി പൂർത്തിയായി. ഹൃദയത്തിൽ നിന്ന് മഹാ രക്ത ധമനിയിലേക്കുള്ള അയോർട്ടിക് വാൽവ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാൽ ഗുരുതരമായ ശ്വാസ തടസ്സവുമായി ഐ.സിയുവിൽ പ്രവേശിപ്പിക്കപ്പെട്ട 84 കാരിയായ വയോധികയാണ് ട്രാൻസ് കത്തീറ്റർ വാൽവ് റീപ്ലെയ്സ്മൻ്റിന് വിധേയയായത്.

ഹൃദയത്തിൽനിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോർട്ടിക് വാൽവാണ് ജനറൽ  അനസ്തീഷ്യ കൂടാതെ നെഞ്ച് തുറക്കാതെ തുടയിൽ 5എം.എം മാത്രം വലുപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തി മാറ്റി വെച്ചത്. കാൽസ്യം വളരെ കൂടിയ അളവിൽ അടിഞ്ഞുകൂടിയ ബൈക്കസ്പിഡ് അയോർട്ടിക് വാൽവും മഹാ രക്തധമനിയും ചികിത്സയുടെ സങ്കീർണ്ണത വർദ്ധിപ്പിച്ചു.

ഇത്രയും പ്രായമുള്ള ഒരു രോഗിയിൽ ടി.എ.വി ആർ ചികിത്സ ജനറൽ ആശുപത്രിയിൽ ഇതാദ്യമായാണ് നടത്തുന്നത്. കടുത്ത ശ്വാസതടസ്സം  മൂലം കട്ടിലിൽനിന്ന് അനങ്ങാൻ പോലും പ്രയാസപ്പെട്ടിരുന്ന രോഗി ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം പരസഹായമില്ലാതെ നടക്കുകയും ചെയ്തു.

2022 ൽ ഇന്ത്യയിൽ ആദ്യമായി ജില്ലാ തല ജനറൽ ആശുപത്രിയിൽ നെഞ്ച്തുറക്കാതെ വാൽവ്മാറ്റ ശസ്ത്രക്രിയ നടത്തിക്കൊണ്ട് ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗവും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗവും ചരിത്രം കുറിച്ചിരുന്നു. വിശ്വാസപരമായ കാരണങ്ങളാൽ രക്തം സ്വീകരിക്കാനാകാത്ത ഒരു രോഗിയിൽ ടി.എ.വി.ആർ ചികിത്സ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തുകയും അതേത്തുടർന്ന് നൂതനമായ കണ്ടക് ഷൻ സിസ്റ്റം പേസിങ് പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് 2024 ജൂലൈയിൽ തുർക്കിയിൽ  നടന്ന അന്താരാഷ്ട്ര പേസിങ് സീരീസ് കോൺഫറൻസിൽ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിക്ക് ടി.എ.വി ആർ ചികിത്സ ഊർജം പകരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.

ചികിത്സ വിജയകരമായി പൂർത്തിയാക്കിയ കാർഡിയോളജി, സി.ടി.വി. എസ്. ടീമംഗങ്ങളായ ഡോ.ആഷിഷ് കുമാർ, ഡോ.വിജോ ജോർജ്, ഡോ പോൾ തോമസ്, ഡോ പ്രസാദ് പി.അനിൽ, ഡോ എം.കെ. ഗോപകുമാർ, ഡോ ജോർജ് വാളൂരാൻ, ഡോ രാഹുൽ സതീശൻ, ഡോ റോഷ്ന എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *