ന്യൂഡൽഹിയിൽ ഭാരത അന്താരാഷ്ട്ര വ്യാപാര മേള തുടങ്ങി
ഭാരത അന്താരാഷ്ട്ര വ്യാപാര മേള ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ തുടങ്ങി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന് എന്ന ആശയം ഉൾക്കൊണ്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവ ഈ ആശയത്തെ ആസ്പദമാക്കി വിശദീകരിച്ചിട്ടുണ്ട്. കൂടാതെ കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി എന്നിവരുടെ വിൽപ്പന സ്റ്റാളുകളും സജീകരിച്ചിട്ടുണ്ട്. കർഷകർ ഉൽപാദിപ്പിച്ച കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങൾക്ക് പ്രദർശന വില്പന സ്റ്റാളിൽ ആവശ്യക്കാർ ഏറെയാണ്.
കൃഷി വകുപ്പിനെ പ്രതിനിധീകരിച്ച് അഡിഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) സുനിൽ എ.ജെ, തിരുവനന്തപുരം പ്രിൻസിപ്പൽ അഗ്രിക്കച്ചറൽ ഓഫീസർ അനിൽ, കൊല്ലം പ്രിൻസിപ്പൽ അഗ്രിക്കച്ചറൽ ഓഫീസർ രാജേഷ്, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ നിസാം. എസ്.എ, കാമ്പയിൻ ഓഫീസർ മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു. വ്യാപാര മേള നവംബർ 27 ന് സമാപിക്കും.