കെ.എസ്.ആർ.ടി.സിയിൽ ഇനി ലക് ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര
കെ.എസ്.ആർ.ടി.സിയിൽ പുതിയ ഘട്ടത്തിന് തുടക്കം – മുഖ്യമന്ത്രി
മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ.എസ്.ആർ. ടി.സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ.സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അത്യാധുനിക സൗകര്യങ്ങളുമായാണ് കെ.എസ്.ആർ. ടി.സിയുടെ സ്വിഫ്റ്റ് എ.സി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ.എസ്.ആർ. ടി.സിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എ.സി. ബസുകൾ വാങ്ങിയത്. ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ. എസ്. ആർ. ടി. സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എ.സി സർവീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സ് റീജിയണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ ബസുകൾ ഗതാഗത മന്ത്രിക്ക് കൈമാറി. എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ബസ്സിൽ ലഭിക്കും. ഒരു ജി.ബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനാകും.
റീക്ലൈനിങ് സൗകര്യമുള്ള 2×2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സി.സി.ടി.വി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്. ടാറ്റാ മോട്ടോഴ്‌സ് നിർമ്മിച്ച ബിഎസ്- 6 ബസ്സിന് 39.8 ലക്ഷം രൂപയാണ് വില.
Appears to be a good effort..,I hope everyone involved with KSRTC sincerely works hard and also looks after these new buses…