സൈക്കിള്‍ യജ്ഞക്കാരന്‍ മണിയുടെ കുളി

ശശിധരൻ മങ്കത്തിൽ

കൊയങ്കരയില്‍ ‘സൈക്കളോട്ടം’ വരാന്‍ പോകുന്നു. ഒരാഴ്‌ചയായി കൊയങ്കരക്കാരില്‍ പലരും സംസാരിക്കുന്നത്‌ സൈക്കളോട്ടത്തെ ക്കുറിച്ചാണ്‌. ഞങ്ങള്‍ കുട്ടികൾക്ക് ആവേശമായി. സൈക്കളോട്ടം വരുന്ന സ്ഥലം ഏതാണെന്നറിയാന്‍ തിടുക്കമായി. എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദ പരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. അന്ന് ടെലിവിഷൻ വന്നിട്ടില്ല. ആകെയുള്ളത്‌ റേഡിയോ. ബാറ്ററി ചെലവ്‌ കാരണം വാര്‍ത്തയും ചലച്ചിത്രഗാനങ്ങളും മാത്രമെ പല വീടുകളിലും കേള്‍ക്കൂ.

ശശിധരൻ മങ്കത്തിൽ
(ശാസ്ത്രകാരൻ, മാധ്യമ പ്രവർത്തകൻ )

പിന്നെ ഓഫാക്കും. സിനിമാടാക്കീസുകള്‍ കുറവ്‌. കൊയങ്കരക്കാര്‍ക്ക്‌ സിനിമ കാണണമെങ്കില്‍ ആറ്‌ കിലോമീറ്ററോളം നടന്ന്‌ കരിവെള്ളൂര്‍ ലീനാ ടാക്കീസില്‍ പോകണം. മറ്റൊന്നുള്ളത്‌ തങ്കയത്താണ്‌. അത്‌ ദൂരെയാണ്‌. പിന്നെ ആകെയുള്ളത്‌ ക്ലബ്ബുകളുടെ വാര്‍ഷികാഘോഷമാണ്‌. മിമിക്രി, സിനിമാറ്റിക്‌ ഡാന്‍സ്‌, സ്റ്റാര്‍സിംഗര്‍ ഇത്യാദികളൊന്നും ജനിക്കാത്ത കാലം.ചെറിയൊരു സര്‍ക്കസ്‌ കലാസംഘമാണ്‌ സൈക്കിള്‍ യജ്ഞക്കാര്‍. നാട്ടില്‍ ഇതിനെ പറയുന്നത്‌ സൈക്കളോട്ടമെന്നാണ്‌. ഇവര്‍ നാടുതോറും നടന്ന്‌ സ്റ്റേജ്‌ കെട്ടി കലാപരിപാടികള്‍ അവതരിപ്പിക്കും. ആളുകള്‍ കൊടുക്കുന്ന ചില്ലറ കൊണ്ട്‌ വയറ്‌ കഴിഞ്ഞുപോകുന്നവര്‍. തണലുള്ള സ്ഥലം നോക്കി ഒരു ചെറിയ സ്റ്റേജ് കെട്ടും സ്റ്റേജിന്‌ മുന്നിലായി മൈക്ക്‌ നാട്ടിയ കാലിന്‌ ചുറ്റും വട്ടത്തിൽ യജ്ഞക്കാരന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കും. താഴെയിറങ്ങില്ല. എല്ലാം സൈക്കിളില്‍ തന്നെ. യജ്ഞം തീരുന്നതുവരെ സൈക്കിളില്‍ നിന്ന്‌ കാല്‌ കുത്താന്‍ പാടില്ല. ഒരാഴ്‌ച, ചില്ലറ നല്ലപോലെ കിട്ടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ പത്ത്‌ ദിവസം. ഇതാണ്‌ യജ്ഞകാലം. ഒരു ദിവസം സൈക്കളോട്ടക്കാര്‍ വന്നു. “മൊയോറെ അറ  ” എന്നറിയപ്പെടുന്ന പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിന്റെ പിന്നിലുള്ള ആല്‍ത്തറയ്‌ക്കടുത്താണ്‌ യജ്ഞം തുടങ്ങാന്‍ പോകുന്നത്‌. രണ്ട്‌ മൂന്ന്‌ സൈക്കിളിലും തലച്ചുമടുമായി സ്റ്റേജ്‌ കെട്ടാനുള്ള സാധനങ്ങളുമായാണ്‌ സംഘം വന്നത്‌. സൈക്കിളെന്ന്‌ പറയാനാവില്ല. സൈക്കിളിന്റെ അസ്ഥിക്കൂടം. ബെല്ലില്ല, ബ്രേക്കില്ല, സ്റ്റാന്‍ഡില്ല, സൈക്കിളിന്‌ വേണ്ട ഒന്നുമില്ല. പേരിന്‌ രണ്ട്‌ ചക്രമുണ്ട്‌. സമാധാനം! കൊയങ്കര സ്‌ക്കൂളിനടുത്താണ്‌ മൊയോറെ അറ. കുട്ടികളെല്ലാം സൈക്കിളോട്ട സ്ഥലത്താണ്‌. ഒരു ദിവസം കുമാരന്‍ മാഷ്‌ ചൂരലുമായി വന്നാണ്‌ കുട്ടികളെ സ്‌ക്കൂളിലേക്ക്‌ ആട്ടിയോടിച്ചത്‌. കുട്ടികൾ ക്ലാസിലിരിക്കാതെ സൈക്കളോട്ട സ്ഥലത്ത് വന്ന് കാഴ്ച കണ്ട് നിൽക്കുന്ന അവസ്ഥയാണിപ്പോൾ. സൈക്കിളോട്ടക്കാര്‍ സ്റ്റേജ്‌ കെട്ടിക്കൊണ്ടിരിക്കുകയാണ്‌. പലകകള്‍ ഉറപ്പിച്ച്‌ മുന്നിലൊരു കര്‍ട്ടന്‍ കെട്ടിയിരിക്കുന്നു. പിന്നില്‍ സാരിയും മറ്റുമാണ്‌ വലിച്ചുകെട്ടിയിരിക്കുന്നത്‌. പേരിനൊരു സ്റ്റേജ്‌. സ്റ്റേജിന്‌ മുന്നില്‍ കുറച്ച്‌ ദൂരെ മുള നാട്ടി മൈക്ക്‌ കെട്ടിയിരിക്കുന്നു.അടുത്ത ദിവസം രാവിലെ മൈക്കിലൂടെ ഒച്ച വന്നു. ഹലോ….ഹലോ…മൈക്ക്‌ ടെസ്റ്റിങ്‌. ട്രൂ…ട്രൂ…..ട്രൂ.. പഴയ മൈക്കില്‍ നിന്ന്‌ ഒച്ച പുറത്തു വരാന്‍ ബുദ്ധിമുട്ട്‌.

പ്രിയമുള്ള സഹോദരി സഹോരന്മാരെ, നല്ലവരായ നാട്ടുകാരെ, ഒരാഴ്‌ച്ചത്തെ മാസ്റ്റര്‍ മണിയുടെ സൈക്കിള്‍ യജ്ഞം നാളെ വൈകുന്നേരം തുടങ്ങുകയാണ്‌. എന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കൊയങ്കരയിലെ കലാപ്രേമികളുടെ എല്ലാ സഹായ സഹകരണങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. “ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍….. ” പിന്നാലെ റിക്കാര്‍ഡ്‌ പെട്ടിയില്‍ നിന്നുള്ള പാട്ടൊഴുകി.
ഇടയ്‌ക്ക്‌ വീണ്ടും അനൗണ്‍സ്‌മെന്റ്‌ – ഇനി ഒരാഴ്‌ചക്കാലം നിങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന പരിപാടികളാണ്‌. ഒപ്പം മാസ്റ്റര്‍ മണിയുടെ സൈക്കിള്‍ അഭ്യാസ പ്രകടനങ്ങളും. അനുഗ്രഹിക്കുക. ആശിര്‍വദിക്കുക. അച്ചടിഭാഷയിലുള്ള അനൗണ്‍സ്‌മെന്റ്‌ കൊയങ്കരയാകെ മുഴങ്ങി. യജ്ഞം സ്‌ക്കൂളിനടുത്തായതിനാല്‍ പബ്ലിസിറ്റിക്ക്‌ കുട്ടികള്‍ മാത്രം മതി. കൊയങ്കരക്കാരുടെ വീടുകളില്‍ അന്നു മു തല്‍ ചര്‍ച്ച സൈക്കിളോട്ടത്തെ കുറിച്ചായിരുന്നു. നാട്ടിലാകെ ഒരു ഉണര്‍വ്വ്‌ !അടുത്ത ദിവസം വൈകുന്നേരമായപ്പോള്‍ ആളുകള്‍ കൂടി. കൃത്യം അഞ്ചുമണിക്ക് മാസ്റ്റര്‍ മണി സൈക്കിള്‍ യജ്ഞം തുടങ്ങുമെന്ന്‌ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അഞ്ചുമണിയായപ്പോഴേയ്‌ക്കും ആളുകള്‍ തിങ്ങിനിറഞ്ഞു. ഒരു ഭക്തിഗാനത്തോടെ ദൈവത്തെ ധ്യാനിച്ച്‌ മാസ്റ്റര്‍ മണി സൈക്കിളില്‍ കയറുന്നതായിരിക്കും. അനുഗ്രഹിക്കുക… മൈക്ക്‌ മുഴങ്ങി, അഞ്ചുമണിപാട്ട്‌ തുടങ്ങി, “ശരണമയ്യപ്പാ, സ്വാമി ശരണമയ്യപ്പാ, ശബരിഗിരിനാഥാ….” മണി സൈക്കിളില്‍ ചവിട്ടി കയറി ഭയങ്കര സ്‌പീഡില്‍ ചുറ്റും സൈക്കിളോടിക്കാന്‍ തുടങ്ങി. ഇടയ്‌ക്ക്‌ കാലുകള്‍ ഉയര്‍ത്തി. കൈവിട്ടു. അങ്ങിനെ കുറേ അഭ്യാസം.

ആളുകള്‍ കൈയ്യടിച്ചു. സൈക്കിള്‍ യജ്ഞത്തിന്‌ തുടക്കമായിരിക്കുന്നു. ആറരയ്‌ക്കാണ്‌ കലാപരിപാടി. അതുവരെ മണിയുടെ സൈക്കിള്‍ സര്‍ക്കസ്‌. നാട്ടില്‍ പല സൈക്കിള്‍ യജ്ഞക്കാരുണ്ടെങ്കിലും മണിയുടെ സംഘമാണ്‌ മെച്ചപ്പെട്ടത്‌. മണിതന്നെയാണ്‌ സംഘത്തിന്റെ നായകന്‍. സംഘത്തില്‍ മണിയുടെ ഭാര്യയും കുട്ടികളും ഉണ്ട്‌. ആകെ പത്തോളം പേര്‍.പകല്‍ മുഴുവന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കുന്ന മണിയുടെ അവസ്ഥ നാട്ടില്‍ ചര്‍ച്ചയായി. നട്ടുച്ചയ്‌ക്ക്‌ പൊരിവെയിലത്ത്‌ സ്‌ക്കൂളില്‍ നിന്ന്‌ കുട്ടികള്‍ പോയി നോക്കും. ഈ സമയം മണി സൈക്കിള്‍ ചവിട്ടുന്നണ്ടാകും. വെയില്‍ കൂടുമ്പോള്‍ തന്റെ സൈക്കിള്‍ മറ്റൊരു സൈക്കിളില്‍ ചാരിവെച്ച്‌ ഹാന്റിലില്‍ തലവെച്ച്‌ ഉറങ്ങും. പക്ഷെ ഒരിക്കലും സൈക്കിളില്‍ നിന്ന്‌ ഇറങ്ങില്ല. വൈകുന്നേരം ആറുമണിയ്‌ക്കാണ്‌ കലാപരിപാടികള്‍. അപ്പോഴേയ്‌ക്കും ചുറ്റും ആളുകള്‍ കൂടും. ഏറ്റവും വലിയ അഭ്യാസപ്രകടനം നടക്കാന്‍ പോകുന്നു. മണിയുടെ സൈക്കിള്‍ ഓടിച്ചുകൊണ്ടുള്ള കുളി. ‘മാസ്റ്റര്‍ മണിയുടെ മാസ്റ്റര്‍പീസ്‌ ‘ഓടുന്ന സൈക്കിളിലിരുന്ന്‌ മാസ്റ്റര്‍ മണി 20 പാഞ്ഞി (കുടം) വെള്ളത്തില്‍ കുളിക്കുന്നു. നിങ്ങള്‍ക്ക്‌ ഇത്‌ വിശ്വസിക്കാന്‍ കഴിയില്ല. ഈ കൊച്ചു കലാകാരന്റെ അഭ്യാസം നേരില്‍ കാണുക…. മൈക്കിലൂടെ അനൗണ്‍സ്‌മെന്റ്‌. യജ്ഞസ്ഥലത്ത്‌ നിന്ന്‌ പത്തോളം പേര്‍ തൊട്ടടുത്ത  വീടുവരെ നിരന്ന്‌ നിന്ന്‌ ചെമ്പ്‌ പാഞ്ഞിയില്‍ വെള്ളം കൈമാറി കൈമാറി മണിയുടെ കൈയിലെത്തിച്ചു. ആദ്യത്തെ പാഞ്ഞിവെള്ളം മണി ഒറ്റക്കൈ കൊണ്ട്‌ തലയിലൊഴിച്ചു. അപ്പോഴേക്കും അടുത്ത പാഞ്ഞിയെത്തി. അത്‌ മറ്റേ കൈകൊണ്ട്‌ തലയിലൊഴിച്ചു. ഓടുന്ന സൈക്കിളില്‍ നിന്നുള്ള അഭ്യാസം. ഇരുപത്‌ പാഞ്ഞി വെള്ളത്തില്‍ കുളി കഴിഞ്ഞു. അവസാനം രണ്ട്‌ പാഞ്ഞിവെള്ളം രണ്ട്‌ കൈയിലും ഒന്ന്‌ കടിച്ച്‌ പിടിച്ചും മണി സൈക്കിള്‍ ചവിട്ടി, കൈയിലെ വെള്ളം തലയിലൊഴിച്ചു. കടിച്ചുപിടിച്ച പാഞ്ഞിവെള്ളവുമായി രണ്ട്‌ കൈകളും ഉയര്‍ത്തി സൈക്കിളില്‍ കുറേ റൗണ്ട്‌ അടിച്ചു. പിന്നീട്‌ അതും തലയിലൊഴിച്ചു. ആളുകള്‍ ശ്വാസമടക്കി പിടിച്ച്‌ ഇത്‌ കണ്ടുകൊണ്ടിരിക്കെ മണിയുടെ ‘അഭ്യാസക്കുളി’ സമാപിച്ചു. നിങ്ങളുടെ കണ്ണിലുണ്ണി മാസ്റ്റര്‍ മണി ഇന്ന്‌ 20 പാഞ്ഞി വെള്ളത്തിലാണ്‌ കുളിച്ചത്‌. ഇനി ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ കുളി പരിപാടി. അടുത്ത തവണ 25 പിന്നെ 30 എന്നിങ്ങനെ പാഞ്ഞിയുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. മൈക്കിലൂടെ ഈ വിവരം നാട് കേട്ടുകൊണ്ടിരുന്നു. കലാസ്‌നേഹികളെ ഇപ്പോള്‍ നിങ്ങളുടെ മുന്നിലേക്ക്‌ ഞങ്ങളുടെ സഹാദരന്മാര്‍ പാത്രവുമായി വന്നുകൊണ്ടിരിക്കുകയാണ്‌. കൈയിലുള്ളത്‌ അഞ്ചു പൈസയാണെങ്കില്‍ പോലും അത്‌ പാത്രത്തിലിട്ട്‌ നിങ്ങള്‍ക്ക്‌ ഞങ്ങളെ സഹായിക്കാം. മൂന്ന്‌പേര്‍ പ്ലാസ്റ്റിക്‌ പാത്രവുമായി ആളുകളുടെ ഇടയിലെത്തി അഞ്ചുപൈസ മുതല്‍ ഒരു രൂപ വരെ കൊടുത്തവരുണ്ട്‌. നിങ്ങളുടെ സഹായം കൊണ്ട്‌ വേണം ഞങ്ങളുടെ ഈ കൊച്ചു കുടുംബത്തിന്‌ കഴിയാന്‍. ഒരു പ്രത്യേക അറിയിപ്പ്‌, മാസ്റ്റര്‍ മണി യജ്ഞത്തിലായതിനാല്‍ കട്ടിയുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ ആഴ്‌ച മലവിസര്‍ജ്ജനം നടത്താനാവില്ല. അതിനാല്‍ മുട്ട, പാല്‍, പഴം തുടങ്ങി നേര്‍ത്ത ആഹാരങ്ങള്‍ സംഭാവനയായി നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. പറയേണ്ട താമസം രാഘവന്‍നായരുടെ ചായക്കടയില്‍ നിന്ന്‌ ഒരാള്‍ ഒരു പടലപഴം വാങ്ങി കൊണ്ടുവന്ന്‌ നല്‍കി. ഒരു സുഹൃത്ത്‌ ഒരു പടല പഴം സംഭാവന ചെയ്‌തിരിക്കുന്നു. ആ സുഹൃത്തിനും കുടുംബത്തിനും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു. കുളി കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. റിക്കാര്‍ഡ്‌ സിനിമാപാട്ടുകള്‍ മൈക്കിലൂടെ ഒഴുകി. “പൂവിന് കോപം വന്നാൽ അത് മുള്ളായി മാറുമോ തങ്കമണി… “അതിനിടയില്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടു തന്നെ മണി കൈയിലെ കണ്ണാടി നോക്കി മുടി ചീകി പൗഡറിട്ടു. അതു കഴിഞ്ഞപ്പോള്‍ കര്‍ട്ടന്‍ പൊങ്ങി. സ്റ്റേജില്‍ റെക്കോഡ് ഡാൻസ്. “അടി എന്നാടീ റാക്കമ്മ പല്ലാക്ക് നെളിപ്പ്‌…” തമിഴ്‌ സിനിമാ പാട്ട്‌ പൊടിപൊടിച്ചു. നായകനും നായികയും തകർത്താടി. ഉടൻ അടുത്ത ഇനം ഹാസ്യ നാടകം. ഇത്‌ കഴിഞ്ഞപ്പോള്‍ ട്യൂബ്‌ പൊട്ടിക്കല്‍ പരിപാടി. പഴകിയ ട്യൂബ് ലൈറ്റ് ഓരോന്നായി നിലത്തുവെച്ച് അതിനു മുകളിൽ കമിഴ്ന്ന് കിടന്ന് നെഞ്ചമർത്തി തകർത്തു. കലാപരിപാടികള്‍ രാത്രി പതിനൊന്ന്‌ മണിയോളം നീണ്ടു. മണിയുടെ കുളിപ്പരിപാടിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടി. കുണിയൻ, നടക്കാവ്‌, എടാട്ടുമ്മല്‍ തുടങ്ങി തൊട്ടടുത്ത സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ കേട്ടറിഞ്ഞ്‌ വരാന്‍ തുടങ്ങി.ഒരു ദിവസം കുളികഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു കുപ്പി പാലാണ്‌ സംഭാവന ചെയ്‌തത്‌. പഴം, തേങ്ങ, മുട്ട ഇങ്ങിനെ പലതും സംഭാവനയായി കിട്ടുന്നുണ്ട്‌.ഒരു സഹോദരന്‍ ഒരു കുപ്പിപ്പാല്‍ സംഭാവന ചെയ്‌തിരിക്കുന്നു. സഹോദരനും കുടുംബത്തിനും നന്ദി…സംഭാവനയുടെ കാര്യം അപ്പോഴപ്പോള്‍ തന്നെ അനൗണ്‍സ്‌ ചെയ്യും. തുച്ഛമായ പൈസയായാല്‍പോലും കണക്കില്‍ വെട്ടിപ്പില്ല. തലേനാള്‍ കുളി കഴിഞ്ഞ്‌ കിട്ടിയ സംഭാവന 86 രൂപയായിരുന്നുവെന്ന്‌ വിളിച്ചറിയിച്ചു.സ്വന്തം പേര് മൈക്കിലൂടെ പറയുന്നത് അഭിമാനമായി കാണുന്ന ചിലർ ഇടയ്ക്കിടയ്ക്ക് പണം നൽകും. ദിവസം കഴിയുന്തോറും മണി നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനായി. അടുത്ത വീടുകളിൽ നിന്നെല്ലാം മണിക്ക് പ്രഭാത ഭക്ഷണം വരെ എത്തിക്കാൻ തുടങ്ങി. വൈകുന്നേരം പഴമല്ല പഴക്കുലയാണ്‌ ഇപ്പോള്‍ കിട്ടുന്നത്‌. കലാപരിപാടികള്‍ക്കിടയില്‍ കിട്ടുന്ന സാധനങ്ങള്‍ രാത്രി ലേലം ചെയ്യും. ഒരു രൂപയില്‍ തുടങ്ങുന്ന ലേലം നൂറു രൂപവരെയെത്തും. ഒരു കുല മൈസൂര്‍ പൂവന്‍പഴം ലേലം വിളിച്ച്‌ നൂറു രൂപ വരെയായി. പൈസയും കൊടുത്ത്‌ കുല മണിക്കു തന്നെ കാഴ്‌ചവെച്ച്‌ കിട്ടിയ ആള്‍ മടങ്ങും. കുല വീട്ടിലേക്ക്‌ കൊണ്ടുപോകില്ല. കോഴി, കോഴിമുട്ട എന്നിവ ദിവസവും കിട്ടും
മണി ഒരിക്കലും സൈക്കിളില്‍ നിന്ന്‌ ഇറങ്ങില്ല എന്നു പറയുന്നത്‌ നാട്ടുകാര്‍ക്ക്‌ ആശ്ചര്യമായിരുന്നു. സംഗതി പരിശോധിക്കാന്‍ പലരും രാത്രി പാത്തും പതുങ്ങിയും സ്ഥലത്ത്‌ പോയി നോക്കി. പാതിരാത്രിയായാല്‍ മണി മറ്റൊരു സൈക്കിളില്‍ തന്റെ സൈക്കിള്‍ ചാരി വെച്ച്‌ ഹാന്റിലില്‍ തലവെച്ചുറങ്ങുന്നതാണ് പലര്‍ക്കും കാണാനായത്‌. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ ആവശ്യമനുസരിച്ച്‌ സൈക്കളോട്ടം മൂന്ന്‌ ദിവസം കൂടി നീട്ടി. അടുത്ത ദിവസം നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് മണിയുടെ 50 പാഞ്ഞി വെള്ളത്തിലുള്ള കുളി ! അവസാന ദിവസമായ നാളെ വൈകുന്നേരം നിങ്ങളുടെ കണ്ണിലുണ്ണിയായ അഭ്യാസി മണിയെ കുണ്ടിൽ വെക്കുന്നു.ആറടി നീളവും ആഴവുമുള്ള കുഴിയിൽ മണിയെ ജീവനോടെ മൂടുന്ന ഹൃദയം പൊട്ടുന്ന കാഴ്ച നാളെ രാത്രി ഏഴു മണിക്ക്.

അമ്മമാരെ പെങ്ങമ്മാരെ മടിനിറയെ ചില്ലറയുമായി വന്ന് മണിയെ അനുഗ്രഹിക്കുക…നോട്ടുമാല ചാർത്തുക… മൈക്ക് അനൗൺസ്മെൻറ് ആളുകൾ ചുറ്റും ഇരുന്ന് കേട്ടു. അടുത്ത ദിവസം തന്നെ മൈക്ക് കെട്ടിയ കാലിനരികിൽ കുഴിയെടുക്കാൻ തുടങ്ങി. പൂഴിമണ്ണായതിനാൽ കുഴിവേഗം റെഡിയായി. വൈകുന്നേരം അഞ്ചു മണിയോടെ തന്നെ ആളുകൾ സ്ഥലത്ത് തിങ്ങി നിറഞ്ഞു. കൃത്യം അറു മണിക്കു തന്നെ മണിയെ കുണ്ടിൽ വെക്കുന്നതാണ്. ആളുകൾ വീടുകളിൽ മടിച്ചു നിൽക്കാതെ ഉടൻ വരിക….മൈക്കിലൂടെ വിളിച്ചു പറഞ്ഞു. കലാപരിപാടികൾ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ “സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ…” ഭക്തിഗാനം മൈക്കിലൂടെ ഒഴുകി. മണി കൈകൂപ്പി ചുറ്റും നടന്നു. ഉടൻ കുഴിയിൽ ഇറങ്ങി കിടന്നു. കുഴിയുടെ മുകളിൽ കുറേ പലക നിരത്തി മുകളിൽ മണ്ണിട്ടു. അതിനു മുകളിൽ ഒരു വെളുത്ത തുണിയും വിരിച്ചു. നാട്ടുകാരെ അമ്മ പെങ്ങന്മാരെ ഇപ്പോൾ കൃത്യം എഴുമണി. നിങ്ങൾ പറഞ്ഞാലേ ഇനി മണിയെ കുഴിയിൽ നിന്നെടുക്കു… നിങ്ങളുടെ സംഭാവനകൾ ഈ വെള്ളമുണ്ടിലിടുക. സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരമാകും… ആളുകൾ ചില്ലറയല്ല, നോട്ടുമായി തന്നെയാണ് വന്നിരിക്കുന്നത്. തുണിയിൽ നോട്ടുകൾ വീണു കൊണ്ടേയിരുന്നു. മണി ശ്വാസമടക്കി കുഴിയിൽ കഴിയുകയാണ് ആ കലാകാരനെ അനുഗ്രഹിക്കുക. അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ മണിയെ പുറത്തെടുക്കണമെന്ന് കാണികൾ ആവശ്യപ്പെടാൻ തുടങ്ങി. അര മണിക്കൂറായപ്പോൾ ജനം ബഹളം കൂട്ടി. നിങ്ങളുടെ നിർബന്ധം കൊണ്ട് മണിയെ പുറത്തെടുക്കുന്നുവെന്ന് പറഞ്ഞ് മണ്ണും പലകയും മാറ്റി മണിയെ പുറത്തെടുത്ത് നിലത്ത് കിടത്തി. ഒരാൾ വിശറി കൊണ്ട് വീശിക്കൊടുത്തു. മണി അവശനാണ്. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞപ്പോൾ മണിയെ എഴുന്നേൽപ്പിച്ചിരുത്തി. ആളുകൾ ഓരോരുത്തരായി മണിക്ക് കൈയിലുള്ളത് കൊടുത്തു. നല്ലൊരു തുക അന്നു രാത്രി കിട്ടി. ഒരാഴ്ചത്തെ യജ്ഞത്തിന്റെ ഫലം !
അടുത്ത ദിവസം ഉച്ചയായപ്പോള്‍ സ്ഥലത്ത്‌ സ്റ്റേജില്ല. സൈക്കളോട്ടക്കാര്‍ എല്ലാം പൊളിച്ച്‌ അടുക്കിവെച്ചിരിക്കുന്നു. ഈയ്യക്കാട്ടാണ്‌ അടുത്ത പരിപാടി. എല്ലാവരോടും യാത്ര പറഞ്ഞ്‌ മണിയും കൂട്ടരും യാത്രയായി. പിന്നീട്‌ കുറേ ദിവസം കൊയങ്കരക്കാര്‍ ആകെ ദുഖഃത്തിലായിരുന്നു. കുടുംബത്തിലെ ആരൊക്കെയോ വീടുവിട്ടുപോയതു പോലുള്ള അവസ്ഥ. പലരും സൈക്കളോട്ടമുണ്ടായ സ്ഥലത്ത്‌ പോയി വെറുതെ  നോക്കി നിൽക്കും. ആ സമയം സ്ഥലത്ത്‌ മണിയുടെ സൈക്കിള്‍ ഓടിയതിന്റെ വട്ടത്തിലുള്ള അടയാളം മാത്രം.

One thought on “സൈക്കിള്‍ യജ്ഞക്കാരന്‍ മണിയുടെ കുളി

  1. Addicted to read till end…Super , a mohanlal movie were also released based on this cycle running show…

Leave a Reply

Your email address will not be published. Required fields are marked *