ഓപ്പറേഷൻ പ്രവാഹ്: 80കോടിയുടെ രണ്ടാം ഘട്ടവുമായി സിയാൽ

ചെങ്ങൽതോടിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മൂന്ന് പാലങ്ങൾ എന്നിവ നിർമ്മിക്കും

കൊച്ചി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലേയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ പ്രവാഹ് ‘ രണ്ടാംഘട്ടത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് തുടക്കമിടുന്നു. 80 കോടി രൂപ ചെലവു വരുന്ന വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക.

പെരിയാറിൽ നിന്ന് ചെങ്ങൽത്തോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ്, ചൊവ്വര, പുളിയാമ്പള്ളി, മഠത്തിൽമൂല എന്നിവിടങ്ങളിൽ പാലങ്ങൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുക.
2022 ലാണ് സിയാൽ ഓപ്പറേഷൻ പ്രവാഹ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്.

റൺവെയുടെ തെക്കുഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതികൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ തോടുകൾ നവീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ പരിസരത്തുള്ള പത്തോളം തദ്ദേശ സ്ഥാപനങ്ങളിലും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി. കഴിഞ്ഞ ജൂലൈയിൽ പെയ്ത കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് 8.06 മീറ്ററായി ഉയർന്നിരുന്നു. സാധാരണ നിലയിൽ അപകടകരമായ ജലനിരപ്പാണിത്.

മുൻവർഷങ്ങളിൽ ഈ മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായ ജലനിരപ്പിനേക്കാളും കൂടുതലാണിത്. എന്നാൽ ഓപ്പറേഷൻ പ്രവാഹിന്റെ തുടർപ്രവർത്തനങ്ങൾ ആസൂത്രണത്തോടെ നിർവഹിക്കപ്പെട്ടതിനാൽ ഇത്തവണ വെള്ളപ്പൊക്കം ഒഴിവാക്കാനായി.
ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിൽ ചെങ്ങൽതോടിന്റെ ഉത്ഭവ സ്ഥാനത്ത് നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് ആണ് പ്രധാനപ്പെട്ടത്.

വിമാനത്താവളത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളല്ലെങ്കിലും നീരൊഴുക്ക് ഉറപ്പാക്കാൻ ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പള്ളി ഭാഗങ്ങളിലെ കലുങ്കുകൾ മാറ്റുകയും പാലങ്ങൾ നിർമ്മിക്കേണ്ടതുമുണ്ട്. റെഗുലേറ്റർ കം ബ്രിഡ്ജ്, മൂന്ന് പാലങ്ങൾ എന്നിവ നിർമിക്കാനുള്ള ടെണ്ടർ നടപടികൾ സിയാൽ ഉടൻ തുടങ്ങും. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *