ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം
ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം
ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും.തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിൻറെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.
യോഗത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.