വയനാട് ദുരന്തം: ടൗൺഷിപ്പിന് സ്ഥലം കണ്ടെത്തി

വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മോഡൽ ടൗൺഷിപ്പ് ഒരുക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാവും ഒന്നാം ഘട്ടത്തിൽ പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാത്ത സ്ഥലത്ത് കഴിയുന്നവരെ രണ്ടാം ഘട്ടത്തിൽ പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരടു പട്ടിക ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. ദുരന്തത്തിൽ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും.

ഉരുൾപൊട്ടലിൽ മാതാപിതാക്കളെ രണ്ടു പേരെയും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തു ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. വനിതാശിശുവികസന വകുപ്പാണ് തുക നൽകുക. കേന്ദ്രത്തിൽ നിന്ന് അനുയോജ്യമായ സഹായം ലഭ്യമാക്കുന്നതിന് വീണ്ടും ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *