ആലങ്ങാടൻ ശർക്കര ഉൽപാദനം തുടങ്ങുന്നു

എറണാകുളം ജില്ലയിലെ ആലങ്ങാട് ഗ്രാമത്തിൻ്റെ തനത് ഉൽപന്നവുമായ ആലങ്ങാടൻ ശർക്കര വീണ്ടും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങുന്നു.

ഗുണമേന്മയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കരയുടെ ഉൽപാദനം പ്രതിസന്ധികളിൽ പെട്ട് നിലച്ചുപോയിരുന്നു. ഇപ്പോൾ മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കാണ് 43 വർഷങ്ങൾക്ക് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്.

ശർക്കര നിർമ്മാണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കരിമ്പ് കൃഷിയും ശർക്കര ഉൽപാദനവും ടൂറിസവുമായി ബന്ധപ്പെടുത്തി വീണ്ടും മൂല്യവർധിത പ്രകിയയായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓരോ വീട്ടിലും ശർക്കര ആല ഉണ്ടായിരുന്നതിനാലാണ് ആലങ്ങാട് എന്ന പേര് വന്നത് എന്നാണ് സങ്കല്പം. ഫലഭൂയിഷ്ഠമായ പെരിയാറിന്റെ എക്കൽ മണ്ണിൽ വിളഞ്ഞ കരിമ്പിൽ നിന്നാണ് ശർക്കര ഉണ്ടാക്കിയിരുന്നത്. ഗുണമേന്മയിൽ ഏറെ മുന്നിലായിരുന്ന ആലങ്ങാടൻ ശർക്കര വിവിധ ആയുർവേദ ഉല്പന്നങ്ങളുടേയും മരുന്നുകളുടെയും  മുഖ്യ ചേരുവയായിരുന്നു.

പ്രാചീന കൃതികളിലും മറ്റും ആലങ്ങാടൻ ശർക്കരയെ പരാമർശിച്ചിട്ടുമുണ്ട്. എന്നാൽ പിന്നീട് പ്രതിസന്ധികളിൽ പെട്ട് ശർക്കരനിർമ്മാണം നിലച്ചു. ആലങ്ങാട് സഹകരണ ബാങ്ക്, കൃഷി വിജ്ഞാൻ കേന്ദ്രയുടേയും ആലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റേയും സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിൽ ആലങ്ങാടൻ ശർക്കരയുടെ നിർമ്മാണത്തിനായി 42 സെൻറ് സ്ഥലത്ത് വിപുലമായ ശർക്കര നിർമ്മാണ പ്ലാൻറ്  നിർമ്മിച്ചിട്ടുണ്ട്.

ഇതിൽ ഒരു ദിവസം ആയിരം കിലോ ശർക്കര ഉല്പാദിപ്പിക്കാൻ കഴിയും. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക സർവ്വകലാശാല, നബാർഡ് എന്നിവയുടെ സഹകരണവുമുണ്ടായി. കൃഷി വിപുലമാകുന്നതോടെ ശർക്കര ഉല്പാദനത്തിലും വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *