ഓണ പൂപ്പാടമൊരുക്കി പേരാമ്പ്ര പഞ്ചായത്ത് കാർഷിക കൂട്ടായ്മ
ഓണത്തെ വരവേൽക്കാൻ പൂകൃഷിയുമായി കാർഷിക കൂട്ടായ്മ. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ, അഗ്രികൾച്ചർ ടെക്നോളജി, മാനേജ്മെന്റ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ പന്ത്രണ്ടാം വാർഡ് കാർഷിക കൂട്ടായ്മ ഒരുക്കിയ പൂകൃഷി ശ്രദ്ധേയമായി.
പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന് 80 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി, വാടാമല്ലി എന്നിവ കൃഷി ചെയ്തിരിക്കുന്നത്. കാർഷിക കൂട്ടായ്മയിലെ സുരേന്ദ്രൻ ഇ. എം, കണ്ടംപറമ്പിൽ ചന്ദ്രൻ, സി.സി.ബാലകൃഷ്ണൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ശക്തമായ മഴ കാരണം കൃഷിയിൽ പ്രതിസന്ധികളുണ്ടായെങ്കിലും പൂകൃഷി വിജയമായിരുന്നു. ബൈപ്പാസ് റോഡരികിലായതിനാൽ ഒട്ടേറെ ആളുകൾ ഫോട്ടോ എടുക്കാനും പൂക്കൾ വാങ്ങാനും എത്തുന്നുണ്ട്. മിതമായ നിരക്കിലാണ് പൂക്കൾ വിൽക്കുന്നത്.