വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഇന്ത്യയിൽ ഒന്നാമത്

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. ഒമ്പത് മേഖലകളിൽ ഒന്നാമതെത്തിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. വ്യവസായ സൗഹൃദമെന്ന നിലയിൽ കേരളം ഒന്നാമതെത്തുന്നത് ആദ്യമാണ്.

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നിൽ.

ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ  നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി നാല് വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിംഗ് നടത്തിയത്.

95 ശതമാനത്തിലേറെ മാർക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോർമർ പട്ടികയിൽ ഇടം നേടിയത്. ഇതിൽ ഒമ്പത് മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കേരളം റാങ്കിംഗിൽ ഒന്നാമതെത്തി.  ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്തിന് മൂന്നും മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്.

ഒട്ടാകെ 30 മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ഒമ്പത് മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി ‘ടോപ്പ് പെർഫോർമർ ‘ ആയി. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.

കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28 ൽ നിന്ന് കേരളം പതിനഞ്ചാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം നടത്തിയിരുന്നു. ആ സ്ഥാനത്തു നിന്നാണ് ഇപ്പോൾ ഒന്നാം നിരയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എന്നിവർ കൂടി പങ്കെടുത്ത് നടത്തിയ അവലോകനങ്ങൾ പുതിയ നേട്ടം കൈവരിക്കാൻ സഹായകമായതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ടോപ് പെർഫോർമർ പുരസ്ക്കാരം ഡൽഹിയിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി.  എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിലാണ് പുരസ് ക്കാരം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *