കൊച്ചി വിമാനത്താവളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച്
ലോഞ്ച് ടെർമിനൽ 2 ഏരിയയിൽ, സന്ദർശകർക്കും പ്രവേശനം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
41 ഗസ്റ്റ് റൂമുകൾ, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്പേസ്, പ്രത്യേക കഫേ ലോഞ്ച്, ജിം, ലൈബ്രറി, സ്പാ സൗകര്യങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് – ‘0484 എയ്‌റോ ലോഞ്ച്’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കിയിരിക്കുകയാണ് സിയാൽ. സെപ്തംബർ ഒന്നിന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച്
അനുഭവമാണ് യാത്രക്കാർക്ക് ഉണ്ടാവുക. സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയകൾക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയോഗിക്കാൻ കഴിയും.
എറണാകുളത്തിന്‍റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് പേര് നൽകിയിരിക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍,നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍,രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍,കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി,റസ്റ്ററന്‍റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവില്‍ ലോഞ്ചിന്‍റെ മുന്തിയ അനുഭവം യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുകയാണ് സിയാല്‍- അദ്ദേഹം പറഞ്ഞു.