വയനാട് ദുരന്ത ബാധിതരുടെ ആവശ്യങ്ങൾ കേട്ട് ചീഫ് സെക്രട്ടറി
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിന് ഇരയായവരുടെ പ്രശ്നങ്ങൾ നേരിൽ കേട്ട് ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ജില്ലാ ഭരണ കൂടവും. പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ കോളേജിൽ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടേയും യോഗം ചേർന്നത്. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനും യോഗത്തിൽ സംസാരിച്ചു.
ദുരന്തബാധിതർക്ക് ഗുണം ചെയ്യുന്ന അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പുനരധിവാസമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. പുനരധിവാസം മാറ്റിപ്പാർപ്പിക്കൽ മാത്രമായിട്ടല്ല സർക്കാർ കാണുന്നത്. സുരക്ഷിതമായ താമസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതോപാധി, മാനസിക പ്രയാസങ്ങളില്ലാത്ത സാമൂഹിക ചുറ്റുപാട്, വിനോദോപാധികൾ, പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി എല്ലാം അടങ്ങുന്ന പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ജനങ്ങൾ പങ്ക് വെച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് അന്തിമ രൂപം നൽകുക.
ജനപ്രതിനിധികളും ദുരന്തത്തിനിരയായവരും ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നിർദേശങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഇതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിച്ചവർക്ക് വാടകയുടെ കാര്യത്തിൽ ആശങ്ക വേണ്ട. ദുരന്ത ബാധിത വാർഡുകളിൽ 50 തൊഴിലുറപ്പ് ദിനങ്ങൾ കൂടി വർദ്ധിപ്പിച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞു.
വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തും. ജനങ്ങളിൽ നിന്ന് ഉയർന്ന് വന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌പെഷൽ ഓഫീസർ സീറാം സാംബ ശിവറാവു, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർഎ.ഗീത, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം. കെ ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ എൽ. കുര്യാക്കോസ്, ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.