സത്യം അന്വേഷിച്ചറിയേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം- ശശികുമാര്‍
ശരിയും തെറ്റും കലര്‍ന്ന വാര്‍ത്തകള്‍ ലഭ്യമാകുമ്പോള്‍ സത്യം എന്താണെന്ന് അന്വേഷിച്ചറിയേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ശശികുമാര്‍.
സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച് മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറെയുണ്ട്. അതേസമയം വാര്‍ത്താ മാധ്യമങ്ങളുടെ തുടര്‍ച്ച തന്നെയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ലോകത്തെ നടുക്കിയ വയനാട് ദുരന്ത വാര്‍ത്തകള്‍ ഉത്തരവാദിത്തത്തോടെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചത്.
ദുരന്തത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തി സത്യം എങ്ങനെ ജനങ്ങളെ അറിയിക്കാം എന്നതിലേക്കാണ് മാധ്യമങ്ങള്‍ ശ്രദ്ധയൂന്നിയത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മാതൃകാപരമായി ഒരുമിച്ചുനിന്നു. കാലാവസ്ഥ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളില്‍ സത്യം എന്താണെന്ന് വൈകിയാണെങ്കിലും മാധ്യമങ്ങള്‍ വഴി ജനം അറിഞ്ഞു.
നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും മാധ്യമ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. മാധ്യമങ്ങളിലെ ഗെയിമിഫിക്കേഷന്‍ (പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിനായി വിനോദോപാധികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രീതി)അതിവേഗം വളരുന്ന വ്യവസായമായി മാറി ക്കഴിഞ്ഞിരിക്കുന്നു. നവോത്ഥാന മാധ്യമ സങ്കേതങ്ങളിലേക്കുള്ള കുതിച്ചുചാട്ടം വൈകാതെ ഉണ്ടാകും- ശശികുമാര്‍ പറഞ്ഞു.
വിജ്ഞാനം കൈക്കുമ്പിളില്‍ ഉണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യാവബോധം കൂടി ഉണ്ടാകണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. മൂല്യബോധമില്ലാത്ത തലമുറയാണ് ഇപ്പോഴുള്ളത് എന്ന് പറയുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂല്യബോധം ഉണ്ടായേ തീരൂ. ആര്‍ക്കെങ്കിലും വേണ്ടി ചെയ്യേണ്ട പണിയല്ല മാധ്യമപ്രവര്‍ത്തനമെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
ചടങ്ങില്‍മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു,വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ദി ഹിന്ദു സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സ്മിത ഹരിദാസ്, പബ്ലിക് റിലേഷന്‍സ് വിഭാഗം അധ്യാപിക വി.ജെ.വിനീത എന്നിവര്‍ സംസാരിച്ചു.