ദുരന്ത മേഖലയിൽ 1,62,543 പേര്‍ക്ക് ഭക്ഷണം നല്‍കി ഹോട്ടല്‍ അസോ.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ സംസ്ഥാന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭക്ഷണം നൽകിയത് 1,62,543 പേര്‍ക്ക്. ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലൂടെയായിരുന്നു ഭക്ഷണ വിതരണം.

ദിവസേന മൂന്ന് നേരം 6000 മുതല്‍ 13,000 ത്തോളം ഭക്ഷണ പൊതികളാണ് ദുരിതാശ്വാസ മേഖലയില്‍ വിതരണം ചെയ്തത്. രക്ഷാ പ്രവര്‍ത്തകര്‍, സൈന്യം, സന്നദ്ധ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൃത്യതയോടെ ഭക്ഷണം എത്തിച്ചു.

ദുരന്തമുണ്ടായ ദിവസം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ നിന്നാണ്‌
മൂന്ന് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചത്. തൊട്ടടുത്ത ദിവസം മുതലാണ് മേപ്പാടി പോളിടെക്‌നിക്ക്  കോളേജിൽ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ പാകം ചെയ്ത് വിതരണം ആരംഭിച്ചത്. ദുരന്ത ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്  അസോസിയേഷനും ഭാരവാഹികള്‍ക്കും ഇതുമായി സഹകരിച്ചവര്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നന്ദി പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ എത്തിയ കെ.എച്ച്.ആര്‍.എസ്.എ പ്രവര്‍ത്തകര്‍ക്ക് ജില്ലാ കളക്ടര്‍ അഭിനന്ദന പത്രവും മെമന്റോയും നല്‍കി.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശീലനം ലഭിച്ചവരാണ് കൃത്യതയോടെയും സുരക്ഷ ഉറപ്പാക്കിയും ഭക്ഷണം സജ്ജീകരിച്ചത്. ടീം ഹെഡ് അനീഷ് ബി നായര്‍, കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി സുബൈര്‍, ഇ.സി അരവിന്ദന്‍, റഷീദ് ബാബൂ, രമേഷ് നടുവത്ത്, ഷിഹാബ് മേപ്പാടി, സംസ്ഥാന വൈസ് പ്രസിഡന്റ് സുഗുണന്‍, സംസ്ഥാന സെക്രട്ടറി സില്‍ഹാദ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഹോട്ടല്‍ ഉടമകളാണ് ആദ്യ ദിവസങ്ങളില്‍ പാചകം ചെയ്തത്.

തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള പാചകക്കാർ കമ്മ്യൂണിറ്റി കിച്ചണിന്റെ ഭാഗമായി. കെ.എച്ച്.ആര്‍.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍, സംസ്ഥാന ട്രഷറര്‍ ഷരീഫ് എന്നിവര്‍ നിർദ്ദേശങ്ങൾ നൽകി. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുകയും അടുക്കളയിലേക്കുളള അവശ്യ സാധനങ്ങള്‍ കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളിലെ സംഭരണ-വിതരണ കേന്ദ്രത്തില്‍ സമാഹരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *