പുനരധിവാസത്തിന് വാടക വീടുകള്‍ അന്വേഷിക്കുന്നു
വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണം. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കൽപ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവിൽ വീടുകൾ അന്വേഷിക്കുന്നത്. പ്രതിമാസം 6000 രൂപ സർക്കാർ വാടക അനുവദിക്കും. വീടുകൾ, വീടുകളുടെ മുകൾ നിലകൾ, ഒറ്റമുറികൾ, ഹൗസിങ് കോളനികൾ, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവയാണ് താത്ക്കാലിക താമസത്തിന് ആവശ്യമായത്.
ദുരന്ത ബാധിതരെ വീടുകളിൽ അതിഥികളായും സ്വീകരിക്കാം. ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരമുണ്ടാവണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9526804151, 8078409770 നമ്പറുകളിൽ ബന്ധപ്പെടാം.