ചെറിയൊരു അണക്കെട്ട് തകർന്നാലുള്ള കാഴ്ചയായിരുന്നു അത്‌

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ജനവാസ പ്രദേശമായ മൂന്ന് ഗ്രാമങ്ങൾ പാടേ തുടച്ചു നീക്കിയ ഉരുൾപൊട്ടൽ ദുരന്തമാണ് ജുലായ് 30 ന് വയനാട്ടിൽ ഉണ്ടായത്. ചെറിയൊരു അണക്കെട്ട് തകർന്നാൽ ഉണ്ടാകുന്നതിന് സമാനമായ കാഴ്ചയാണ് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കണ്ടത്.

കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ വെള്ളാർമലയിൽ നിന്ന് കുത്തിയൊഴുകിയ പാറകഷ്ണങ്ങളും ഉരുളൻ പാറയും ചെളിയും മരങ്ങളും ജനവാസ പ്രദേശങ്ങളായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല

എന്നിവിടങ്ങളിലെ വീടുകളടക്കം സകലതും തച്ചുതകർത്തു. ഈ പ്രദേശങ്ങളിൽ നിന്ന് മൃതദേഹങ്ങൾ 10 കിലോമീറ്ററിലധികം പിന്നിട്ട് സൂചിപ്പാറയിലെത്തി. സൂചിപ്പാറ വെള്ളച്ചാട്ടം വഴി ഒഴുകിയ മൃതദേഹങ്ങൾ  31കിലോമീറ്റർ പിന്നിട്ട് നിലമ്പുരിനടുത്ത പോത്തുകൽ പ്രദേശം വരെ ഒഴുകിയെത്തി.

രണ്ട് ഉരുൾപൊട്ടലുകൾ

രാത്രി ഒരു മണിയോടെ വനപ്രദേശമായ വെള്ളരിമലയിലെ വെള്ളാലിപ്പാറയിലാണ് ഉരുൾ പൊട്ടിയത്. കനത്ത മഴയിൽ മലഞ്ചെരുവിൻ്റെ ഒരു ഭാഗം അപ്പാടെ ഇടിഞ്ഞ് താഴേക്ക് വന്നു. മഴയിൽ മണ്ണും വലിയ പാറകളും താഴോട്ട് ഒഴുകി. ഇവിടെ 45 ഡിഗ്രിയിലധികമാണ് കുന്നിൻ്റെ ചെരിവ്. ചെങ്കുത്തായ കുന്നിൽ നിന്നുള്ള ഈ മലയിടിച്ചലിൽ മരങ്ങൾ കടപുഴകി. മണ്ണും ചെളിയും പാറകളു തകർന്നൊടിഞ്ഞ മരങ്ങളും പിന്നീട് വൻശക്തിയിൽ താഴോട്ട് ഒഴുകി അതിനു പോകാനുള്ള വഴിയൊരുക്കി. മലയിടുക്കുകളിലെ തോട് ഇതോടെ പുഴയായി മാറി. പ്രഭവസ്ഥാനത്തു നിന്ന് മൂന്നു കിലോമീറ്റർ താഴെ പുഞ്ചിരിമട്ടത്ത് ഒഴുകിയെത്തിയ

പാറകളും ചെളിയും വീണ്ടും മൂന്നു കിലോമീറ്റർ ഒഴുകി മുണ്ടക്കൈ വഴി കുതിച്ചു പാഞ്ഞു. അതിൻ്റെ വഴിയിൽ നിന്ന സകലതും തച്ചുതകർത്തു. തോടിൻ്റെ ഇരുകരകളിലെയും ആൾ താമസമുള്ള വീടുകളും കെട്ടിടങ്ങളും തകർത്ത് വീണ്ടും അഞ്ച് കിലോമീറ്റർ ഒഴുകി ചൂരൽമല ടൗൺ പാടേ തുടച്ചു മാറ്റി. ചൂരൽമല – മുണ്ടക്കൈ പാലവും തകർത്തു. ഇതോടെ മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ടു.

ചൂരൽമലയിൽ 40 മീറ്റർ മാത്രം വീതിയിൽ ഒഴുകിയ പുഴയുടെ വീതി മലവെള്ളപ്പാച്ചലിൽ ചെളിയും പാറകളും അടിഞ്ഞ് അഞ്ഞുറു മീറ്ററിലധികമായി. പരിസരങ്ങളിലെ മലയിടുക്കുകളിലെ തോടുകളിലൂടെ ഒഴുകിയെത്തിയ വെള്ളം അവിടെ വലിയ തോതിലുളള വെള്ളപ്പൊക്കമുണ്ടാക്കി. ഇതിൽപ്പെട്ട  മൃതദേഹങ്ങൾ സൂചിപ്പാറ വെളളച്ചാട്ടം വഴി ഒഴുകി ചാലിയാർ പുഴയിലെത്തി.

പോത്തുകല്ല്, വാണിയമ്പുഴ, ഭൂദാനം, പനങ്കയം തുടങ്ങിയ പ്രദേശങ്ങളിലുടെ ഒഴുകിയ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു. ഉരുൾപൊട്ടിയ സ്ഥലത്തു നിന്ന് 50 കിലോമീറ്ററിലേറെ ദൂരം മൃതദേഹങ്ങൾ ഒഴുകിയെത്തി. അത്ര വലിയ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടായത്.

രണ്ടാമത്തെ ഉരുൾപൊട്ടൽ

ആദ്യ ഉരുൾപൊട്ടൽ കഴിഞ്ഞ് മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മുണ്ടക്കൈയിലും ഉരുൾപൊട്ടിയത് ദുര  ന്തത്തെ പതിന്മടങ്ങ് വലുതാക്കി. നാലു മണി കഴിഞ്ഞായിരുന്നു ഇത്. ഇതോടെ ആദ്യ ഉരുൾ പൊട്ടൽ നാശം വിതക്കാത്ത മുണ്ടക്കൈ പരിസരത്തും ചെളിയും പാറകളും ഒഴുകിയെത്തി വീടുകൾ തകർത്തു. സമുദ്രനിരപ്പിൽ നിന്ന്  രണ്ടായിരത്തിലധികം മീറ്റർ ഉയരമുള്ള മലനിരകളാണ് വെളളരിമല. വയനാട് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന

പ്രദേശമാണ് ഇതിൻ്റെ കൊടുമുടി. ഇതിന് സമുദ്രനിരപ്പിൽ നിന്ന് 2240 മീറ്റർ ഉയരമുണ്ട്. ഇവിടെ പുഞ്ചിരിമട്ടത്തിനടുന്ന വെള്ളാലിപ്പാറ പ്രദേശത്തു നിന്ന് കുന്നിൻ്റെ ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. 2000 മീറ്റർ ഉയരമുമുള്ള ഈ വന പ്രദേശത്തെ വൻമരങ്ങളും മലയിടിച്ചിലിനൊപ്പം കടപുഴകി താഴോട്ട് ഒഴുകി.

86000 ചതുരശ്ര മീറ്റർ പ്രദേശം മാന്തിയെടുത്തു

ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശം തകർന്ന് ഒഴുകിയതായി ഐ.എസ്.ആർ.ഒ യുടെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്. എട്ട് കിലോമീറ്റർ ദൂരം ചെളിയും പാറകളും ഒഴുകിയെത്തിയതായും സെൻ്റർ കണ്ടെത്തിയിട്ടുണ്ട്.1984 ജുലായ് രണ്ടിന് ഉരുൾപൊട്ടിയ വെള്ളാലിപ്പാറ പ്രദേശത്തു തന്നെയാണ് ഇപ്പോൾ ഉരുൾപൊട്ടിയിരിക്കുന്നത്.

ഉപഗ്രഹ ചിത്രം : ഇപ്പോൾ ഉരുൾ പൊട്ടിയ ഭാഗം (മുകളിൽ) മുമ്പ് പൊട്ടിയ ഭാഗം (താഴെ)

പഴയ ഉരുൾപൊട്ടലിന് ചുറ്റുമായി മുകളിൽ നിന്നാണ് മലഞ്ചെരുവ് ഇടിഞ്ഞത്. ഇവിടെ മൺപാളി മാത്രമല്ല, അതിനു താഴെയുള്ള വിള്ളലുകൾ വീണ പാറപ്രദേശമാകെ ഇടിഞ്ഞുതാഴ്ന്നു. മുണ്ടക്കൈ തോടിൻ്റെ വലിയൊരു നീർച്ചാലാണ് ഇവിടെ നിന്ന് മുണ്ടക്കൈ തോടായി ഒഴുകുന്നത്. ഇത് പുഞ്ചിരി മട്ടം, മുണ്ടക്കൈ പിന്നിട്ട് മറ്റൊരു തോടുമായി ചേർന്ന് ചൂരൽമല വഴി സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകുകയാണ്.

ഉരുൾപൊട്ടിയ രണ്ടായിരം മീറ്റർ ഉയരമുളള പ്രദേശത്തു നിന്ന് ഇത് ഒഴുകി 800 മീറ്റർ ഉയരമുള്ള ചൂരൽമലയിൽ എത്തുകയാണ്. ഈ ചെരിവ് ചെങ്കുത്തായതിനാൽ ഉരുൾപൊട്ടി തകർന്ന പാറയും മണ്ണും മരങ്ങളും വലിയ പ്രദേശത്തെ കാർന്നുതിന്നാണ് ചൂരൽമല വരെ എത്തിയത്. ചെങ്കുത്തായ പ്രദേശമായതിനാലാണ് നാശനഷ്ടം കൂടിയത്. ഉരുൾപൊട്ടിയപ്പോൾ ഉണ്ടായ മണ്ണ് പ്രഭവസ്ഥാനത്തിനു താഴെ ചെരിവിൽ കുന്നുകൂടി കനത്ത മഴയിലെ വെള്ളത്തെ തടഞ്ഞിട്ടുണ്ടാകാം. അങ്ങനെ ചെരിവിൽ കെട്ടി നിന്ന വെള്ളം ഒന്നിച്ച് പ്രളയം പോലെ താഴോട്ട് ഒഴുകിയിരിക്കാം.

ഉരുൾ പൊട്ടലിൻ്റെ ഉത്ഭവസ്ഥാനത്തു നിന്ന് താഴെക്കു പതിച്ച കൂറ്റൻ പാറകൾ തമ്മിലിടിച്ച് തകർന്ന് ഇതിൻ്റെ വശങ്ങൾ കൂർത്തതായി. താഴോട്ട് ഒഴുകുമ്പോൾ അത് പൽച്ചക്രങ്ങളെ പോലെ പ്രവർത്തിച്ച്  അടിത്തട്ട് മാന്തിയെടുത്തു. ഒഴുക്കിൽ പലയിടത്തും 10 അടി മുതൽ 25 അടി വരെ ആഴത്തിൽ പാറയും മണ്ണും മാന്തിയെടുത്തതായി ഇവിടങ്ങളിൽ കാണാം. താഴോട്ട് നീങ്ങുന്തോറും ഉരുൾപൊട്ടി എത്തുന്ന പാറകളുടെയും മണ്ണിൻ്റെയും ഭാരം കുടിയതോടെ ഇതിൻ്റെ വഴിയിലെ പ്രദേശങ്ങളെല്ലാം തകർത്ത് ഇത് വളരെ വേഗത്തിൽ ശക്തിയായി ആർത്തലച്ച് ഒഴുകി.

കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കം മൂലം ചെളി എളുപ്പം കുത്തിയൊഴുകി. കെട്ടിടങ്ങൾ തകർത്ത് അതിൻ്റെ ഒന്നാം നില വരെ പാറകളും ചെളിയും ഇടിച്ചു കയറിയതായി ഇവിടങ്ങളിൽ കാണാം. നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും ഇല്ലാതായി. പലതും താമസിക്കാൻ പറ്റാത്ത വിധം ഭാഗികമായി തകർന്നു.

കനത്ത മഴയുടെ ആഘാതം

ജൂണിൽ കാലവർഷം തുടങ്ങിയതു മുതൽ നല്ല മഴ ലഭിച്ച പ്രദേശമാണ് വയനാട്. ജൂൺ മാസം കഴിയുന്നതോടെ ഭൂപ്രദേശത്തെ മൺപാളി വെള്ളം കുടിച്ച് ജലപൂരിതമായി മാറും. വെള്ളം നിറഞ്ഞ് മണ്ണിൻ്റെ സുഷിരമർദ്ദം വർദ്ധിക്കുമ്പോൾ മൺപാളികൾക്ക് ബലക്ഷയം സംഭവിക്കും. മലഞ്ചെരുവിലെ മൺപാളികൾ വെള്ളത്തിൽ കുതിർന്ന് ഇതിന് ഭാരം കൂടുന്നതോടെ ഇത് താഴേക്ക് പതിക്കാനുള്ള അവസ്ഥയിലാകും.

നീർച്ചാലുകൾ തടസ്സപ്പെട്ടിട്ടുണ്ടങ്കിൽ വെള്ളം വീണ്ടും ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മൺപാളി ചെരിവിൽ നിന്ന് ഊർന്നിറങ്ങും. അടിയിലെ പാറയ്ക്കും മൺപാളിക്കുമിടയിലായി മണ്ണ് കുഴമ്പു രൂപത്തിലാകുന്നത് മൺപാളി തെന്നി വരാൻ എളുപ്പമാക്കും. മലഞ്ചെരുവിൻ്റെ

ഒരു വലിയ ഭാഗം തന്നെ അടിഭാഗത്തെ ലോലമായ പാറയടുക്കുകൾക്കൊപ്പം തെന്നി വീഴാം. ഉരുൾപൊട്ടിയ വെള്ളാലിപ്പാറയിൽ അടിത്തട്ടിലെ പാറയടക്കമാണ് താഴോട്ട് പതിച്ചത്. പുഞ്ചിരിമട്ടത്തെ വെള്ളാലിപ്പാറയിൽ രാത്രി ഒരു മണിക്കാണ് ഉരുൾ പൊട്ടലുണ്ടായെതെങ്കിലും പകൽ തന്നെ ഇവിടെ മണ്ണിടിച്ചൽ തുടങ്ങിയതായി വേണം കരുതാൻ. കാരണം ഇതിലൂടെയുള്ള തോടിൽ ചെളി കലങ്ങിയ വെള്ളം കുത്തിെയൊഴുകുന്നത് കണ്ടതായി പരിസരവാസികൾ പിന്നീട് പറഞ്ഞിരുന്നു. ഇതു കണ്ട ചിലർ  മാറി താമസിച്ചതായും പറയുന്നു. മഴയായതിനാൽ വെള്ളരിമലയിൽ നിന്ന്  ശക്തിയായ നീരൊഴുക്ക് ഉണ്ടായിരുന്നു. മാത്രമല്ല ഇടതു വശത്ത് വെള്ളാലിപ്പാറയിൽ ചെറിയൊരു വെള്ളച്ചാട്ടവും ഉണ്ടായിരുന്നു.

ഒരു പ്രദേശത്ത് 24 മണിക്കൂറിൽ 300 മില്ലിമീറ്ററിലധികം മഴ പെയ്താൽ ആ പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻ്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൈ പ്രദേശത്തും മറ്റും ഉരുൾപൊട്ടലുണ്ടായതിന് തലേന്നാൾ 24 മണിക്കൂറിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. അതായത് 48 മണിക്കൂറിൽ 572 മില്ലീമീറ്റർ മഴ.

പുഴ അതിൻ്റെ വഴി കണ്ടെത്തി

ഒരു രാത്രി പെയ്ത കനത്ത മഴയിലെ വെള്ളം മുഴുവൻ ഉരുൾപൊട്ടിയ വെളളരിമല താഴ് വാരത്തു നിന്ന് അണക്കെട്ട് പൊട്ടിയതുപോലെ താഴോട്ട് ഒഴുകി. ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശമായ ഇവിടെ ഏകദേശം 200 ചതുരശ്ര കിലോമീറ്റർപ്രദേശത്തെ വെള്ളം പുഞ്ചിരിമട്ടം, മുണ്ടക്കൈ, അട്ടമല ചൂരൽമല പ്രദേശത്തു കൂടി ഒഴുകി. ഒരു അണക്കെട്ടിലുള്ള വെള്ളം പോലെ ഇത് താഴോട്ട് കുതിച്ചു. ഉരുൾപൊട്ടിയ മണ്ണും പാറകളും ഇതിനൊപ്പം ചേർന്ന്

ചൂരൽമല ഉരുൾപൊട്ടലിന് മുമ്പും ശേഷവും

ചെളിക്കുന്നായിട്ടായിരുന്നു ഇതിൻ്റെ ഒഴുക്ക്. മലയിടുക്കുകളിൽ ഉരുൾപൊട്ടിയാൽ ആ കുന്നിൽ നിന്ന് ഉത്ഭവിക്കുന്ന തോടു വഴിയാണ് പാറകളും ചെളിയും ഒഴുകുക. ഇവിടെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ടൗണുകൾ ഈ വലിയ തോടിനോട് ചേർന്നായിരുന്നു. ഉരുൾപൊട്ടിയ പാറകളും ചെളിയും വന്നടിഞ്ഞ് ഈ പ്രദേശമാകെ വിഴുങ്ങി സർവ്വനാശം വിതച്ചു.

പ്രളയമുണ്ടായാൽ തോടും പുഴയും കരകവിഞ്ഞ് ഇരുകരകളിലേക്കും വെള്ളം ഇരച്ചു കയറും. ഇരുകരകളിലും പുഴ അതിൻ്റെ സ്ഥലം പിടിച്ചെടുക്കും. ഇതിനെ പുഴയുടെ പ്രളയപ്രദേശം (flood plain ) എന്നാണ് പറയുക. ഈ പ്രദേശങ്ങൾ പുഴയ്ക്ക് വിട്ടു നൽകി മനുഷ്യവാസം

ഒഴിവാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എല്ലാ പ്രളയത്തിലും വീടുകളിൽ വെള്ളം കയറും. ഉരുൾപൊട്ടിയ വെള്ളാലി പാറയിൽ നിന്ന് ഒഴുകിയെത്തിയ തോട് പിന്നീട് പുഴയായി മാറുകയാണ്. കനത്ത മഴയിൽ ഈ പുഴ കരകവിഞ്ഞ് ഒഴുകി വലിയ പ്രദേശം പിടിച്ചെടുത്ത ഒരു ദൃശ്യവും
നമുക്ക് ഇവിടെ കാണാം. ഇതിനൊപ്പം ഉരുൾപൊട്ടലും സംഭവിച്ചു.

കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കം, പ്രദേശത്തിൻ്റെ ചെരിവ്, കുറേകാലം പെയ്ത മഴയിൽ വെള്ളത്തിൽ കുതിർന്ന ഭൂപ്രദേശം എന്നിവയാണ്  മഹാദുരന്തമായി മാറിയ ഈ ഉരുൾപൊട്ടലിന് ശക്തി പകർന്നത്. ഒരു പകലും അല്ലെങ്കിൽ രാത്രി മുഴുവനും കനത്ത മഴ പെയ്യുമ്പോൾ ചെങ്കുത്തായ മലയടിവാരത്തുള്ളവർ മാറി താമസിച്ചേ മതിയാകു. അഞ്ചു വർഷം മുമ്പത്തെ വയനാട് പത്തുമല ഉരുൾപൊട്ടലും ഇപ്പോഴത്തെ ഉരുൾപൊട്ടലും നൽകുന്ന പാഠം ഇതാണ്. (ഭൗമശാസ്ത്ര നിരീക്ഷകനും മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ )

2 thoughts on “ചെറിയൊരു അണക്കെട്ട് തകർന്നാലുള്ള കാഴ്ചയായിരുന്നു അത്‌

Leave a Reply

Your email address will not be published. Required fields are marked *