വയനാട്ടിൽ ഭൂചലനം ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഭൂമിക്കടിയിൽ നിന്ന് ഉണ്ടായ വലിയ ശബ്ദവും മുഴക്കവും കേട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. പലരും വീടിന് പുറത്തിറങ്ങി നിന്നിരുന്നു. എന്നാൽ ഇത് ഭൂചലനമല്ലെന്ന അറിയിപ്പ് വന്നതോടെ ജനങ്ങൾക്ക് സമാധാനമായി. ഇതിന് ഉരുൾ പൊട്ടലുമായി ബന്ധമില്ലെന്നും വിദഗ്ധർ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളുടെ പല ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി ജനങ്ങൾ പറയുന്നു. ഭൂമിക്കടിയിലെ മർദ്ദം പുറത്തേക്ക് വമിക്കുമ്പോൾ പാറയടുക്കുകളിലുണ്ടാകുന്ന ചെറിയ തെന്നൽ മൂലം അന്തരീക്ഷത്തിൽ ശബ്ദമുണ്ടാകാമെന്ന് തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര
കേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു.
കേരളത്തിൽ പലദിശയിലുള്ള ഭൂവിള്ളലുകളുണ്ട്. (Lineaments ) ഹുൻസൂർ വിള്ളൽ, ഇടമലയാർ ,ബാവലി, കബനി, ഭവാനി എന്നിങ്ങനെ പല വിള്ളലുകളും നേരിയ ചലനങ്ങൾ ഉണ്ടാക്കാം. കേരളത്തിൽ നിന്ന് പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് നീളുന്ന ചില വിള്ളലുകൾ രണ്ടു സംസ്ഥാനങ്ങളിലും ചലനങ്ങളുണ്ടാക്കും.
വയനാട്ടിൽ ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിരുന്നു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.
പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു