ഉരുൾപൊട്ടിയ പ്രദേശത്തിൻ്റെ മിനിയേച്ചർ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ്
വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ ആകാശ ദൃശ്യം നേരിൽ കാണാം. ഓരോ പ്രദേശത്തുമുണ്ടായ നാശനഷ്ടങ്ങളും വേദനയോടെ കണ്ട് നോക്കി നിൽക്കാം. സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിൻ്റെ കൊച്ചു രൂപം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ഉരുൾപൊട്ടി ദുരന്തം വിതച്ച പ്രദേശങ്ങളുടെ മിനിയേച്ചർ രൂപം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്.
വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്ന് വെള്ളാർമല സ്‌കൂളും പിന്നിട്ട് ചൂരൽമല വരെ നീളുന്ന ഏഴ് കിലോമീറ്റർ പ്രദേശം ചെറിയൊരു സ്ഥലത്ത് പുനർ സൃഷ്ടിച്ചിരിക്കുകയാണ്
ഈ കലാകാരൻ. പ്രദേശത്തിൻ്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറിൽ ഉള്ളത്. ഉരുൾപൊട്ടലിന്റെ ഭീകരത ഒറ്റനോട്ടത്തിൽ കാണാവുന്ന രീതിയിലാണ് ഇതിൻ്റെ നിർമ്മാണം.
16 അടി നീളത്തിലും ആറടി വീതിയിലുമാണ് ഈ രേഖാ ശില്പം ഉണ്ടാക്കിയിരിക്കുന്നത്. ഫൈബർ, പ്ലൈവുഡ്, യുഫോം, അലങ്കാര ചെടികൾ, കളികോപ്പുകൾ എന്നിവ ശ്രദ്ധാപൂർവ്വം ശില്പഭംഗിയിൽ ഒരുക്കിയാണ് മിനിയേച്ചർ നിർമ്മാണം. അഞ്ച് ദിവസം കൊണ്ടാണ് വീട്ടിലെ ഒരു മുറിയിൽ ഈ ശില്പം തീർത്തിരിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
ഉയർത്തിവെച്ച പ്ലൈവുഡ് ഷീറ്റിനു മുകളിലാണ് മിനിയേച്ചർ. ഉരുൾപൊട്ടിയ പ്രദേശത്തെ തകർന്ന കെട്ടിടങ്ങളും അതേപോലെ കാണാം. ബെയ്ലി പാലം മാത്രമല്ല. ആദ്യ ദിവസം ഉണ്ടാക്കിയ ചെറിയ പാലവും ഇതിലുണ്ട്. പുഴയിലെ ഒഴുകിയെത്തിയ ചെളിയും ഉരുളൻ പാറകളും ഈ ദുരന്ത ചിത്രത്തെ ജീവനുള്ളതാക്കുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ തുകയെങ്കിലും സംഭാവന ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് മിനിയേച്ചർ ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രദേശത്തിൻ്റെ ആകാശചിത്രം കാണിക്കുന്ന വീഡിയോയും സുരേഷ് യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഗ്രാഫർ സിംബാദ് ആണ് ആകാശ ദൃശ്യം പകർത്തിയത്.