ഉരുൾപൊട്ടൽ നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മേഘ സ്ഫോടനമുണ്ടായി കനത്ത മഴ പെയ്യുന്നതിനാൽ കേരളത്തിലെ മലയോരങ്ങളിൽ ഉരുൾപൊട്ടൽ വർദ്ധിച്ചു വരികയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഭൂവിനിയോഗത്തിലുണ്ടായ മാറ്റവും ഉരുൾപൊട്ടൽ പെരുകാൻ കാരണമായി.
മലഞ്ചെരിവുകൾ ഇടിച്ചു നിരത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രീയ കൃഷി രീതികളും വർദ്ധിക്കുന്നതിനനുസരിച്ച് ഉരുൾപൊട്ടലും വർദ്ധിക്കുന്നു. മഴക്കാലത്ത് പ്രകൃത്യാ തന്നെ കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്. എന്നാൽ ജനവാസ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ അത് വലിയ ദുരന്തമായി മാറും. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് നമ്മൾ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.
എന്താണ് ഉരുൾപൊട്ടൽ ?
മലഞ്ചെരുവിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് താഴോട്ട് പതിക്കുന്നതാണ് ഉരുൾപൊട്ടൽ. ഇത് ചിലപ്പോൾ ചെറിയൊരു മലയിടിച്ചിലാകാം. എന്നാൽ വലിയ കുന്നിന് പ്രദേശത്ത് ഉണ്ടാകുന്ന ഉരുൾപൊട്ടൽ താഴ് വാരത്തെ ഒരു വലിയ പ്രദേശത്തെ തന്നെ നശിപ്പിക്കാം. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്ന് വെള്ളത്തിൽ കുതിർന്ന പാറകളും മണ്ണും വളരെ ദൂരം വരെ വലിച്ചിഴയ്ക്കപ്പെടാം. ഇതിനിടയിൽ ഈ പ്രദേശത്തെ മരങ്ങളും
വീടുകളുമെല്ലാം തകർത്തെറിയപ്പെടും. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിൻ്റെ ചെരിവ് അനുസരിച്ച് ഇതിൻ്റെ ആഘാതം കൂടും ഒരു പ്രദേശത്ത് ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത അവിടത്തെ ഭൂഘടന, ഭൂമിയുടെ ചെരിവ്, നീർച്ചാലുകളുടെ വിന്യാസം, മണ്ണ്, ഭൂവിനിയോഗം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കനത്ത മഴ, ഇടിമിന്നൽ,നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഇതിൻ്റെ പ്രേരക ഘടകങ്ങളാണ്. മലയോര കുടിയേറ്റം വ്യാപകമായതോടെയാണ് കേരളത്തിൽ ഉരുൾപൊട്ടൽ ദുരന്തം വർദ്ധിച്ചത്.
നീർച്ചാലുകൾ തടസ്സപ്പെടുത്തരുത്
കുന്നിൻ ചെരിവിൽ വീടുവെക്കുമ്പോഴും കൃഷിയിറക്കുമ്പോഴും മഴവെള്ളം വാർന്നു പോകുന്ന നീർച്ചാലുകൾ തടസ്സപ്പെടുത്തരുത്. കരിങ്കൽ പാറയ്ക്കു മുകളിൽ ഒരു പുതപ്പായിട്ടാണ് മണ്ണിൻ്റെ ആവരണമുള്ളത്. അഞ്ചോ പത്തോ മീറ്റർ മൺപാളി ഇവിടെ ഉണ്ടാകാം.
മഴവെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തിയാൽ മൺപാളിയുടെ അടിത്തട്ടിലേക്ക് വെള്ളം ഊർന്നിറങ്ങും. മൺപാളിക്കും കരിങ്കൽ പാളിക്കുമിടയിൽ മണ്ണ് കുഴമ്പു രൂപത്തിലാകാൻ ഇത് ഇടയാക്കും. തുടർന്ന് മൺപാളി അപ്പാടെ തെന്നി നീങ്ങി താഴോട്ട് പതിക്കും. ഇങ്ങനെ മലയിടിച്ചലുണ്ടാകും.
ജുലായ്, ആഗസ്ത് മാസങ്ങളിൽ ശ്രദ്ധ വേണം
ഉരുൾപൊട്ടൽ നമുക്ക് പ്രവചിക്കാനാവില്ല. മലമ്പ്രദേശങ്ങളിൽ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ ഉണ്ടാകാം. മലയുടെ അടിവാരം വെട്ടി വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ മലയുടെ മുകൾ ഭാഗം ഇടിഞ്ഞു വീഴാം. മലയോരത്തു കൂടിയുള്ള റോഡ്, റെയിൽ പാത എന്നിവയുടെ അരികിലെ ചെരിവ് ഇടിഞ്ഞു വീഴാം.
മലഞ്ചെരിവിൽ പെയ്യുന്ന മഴയെ മണ്ണ് ആഗിരണം ചെയ്യും. മഴവെള്ളത്തിൽ കുതിർന്നു നിൽക്കുന്ന മൺപാളി ഒരു സ്പോഞ്ച് പോലെ വെള്ളം വലിച്ചെടുക്കും. ജൂൺ മാസത്തെ മഴ മുഴുവൻ ആഗിരണം ചെയ്യുന്ന മലഞ്ചെരുവിന് പിന്നിട് പെയ്യുന്ന മഴയെ ഉൾക്കൊള്ളാനാവില്ല. അതിനാൽ ജുലായ് – ആഗസ്ത് മാസങ്ങളിലാണ് കേരളത്തിൽ ഉരുൾപൊട്ടൽ കൂടുതൽ ഉണ്ടാകുന്നത്. ഉരുൾപൊട്ടൽ സമയത്ത്
മഴയിൽ കുതിർന്ന് മലഞ്ചെരുവിൻ്റെ ഒരു ഭാഗം അപ്പാടെ താഴോട്ട് പതിക്കും. മലയിടുക്കുകളിലുണ്ടാവുന്ന ഉരുൾപൊട്ടലിൽ മണ്ണും പാറകളും ചെളിയും ശക്തിയായി ഒഴുകി താഴോട്ട് വരും. ഈ സമയത്ത് പെയ്യുന്ന മഴ ദുരന്തത്തിൻ്റെ ആക്കം കൂട്ടും. താഴോട്ട് വരുന്ന ഇവ തോടുകൾ കേന്ദ്രീകരിച്ച് ഒഴുകി അതിൻ്റെ വഴിയിലുള്ള ജനവാസ കേന്ദ്രങ്ങളെല്ലാം തച്ചുതകർക്കും.
ഉരുൾപൊട്ടൽ നിയന്ത്രിക്കാൻ
മലയോരത്ത് വീട് പണിയുമ്പോൾ മഴവെള്ളം ഒഴുകി പോകാൻ വഴിയുണ്ടാക്കണം. നീർച്ചാലുകൾ തടസ്സപ്പെടുത്തരുത്. കുന്നിന്
മുകളിൽ നിന്ന് ഒഴുകി വരുന്ന ചെറിയ ചാലുകൾ ഒന്നിച്ചു ചേർന്ന് തോടായി മാറി, തോടുകൾ ചേർന്ന് പുഴയായി മാറും. മഴവെള്ളം ഇത്തരത്തിൽ ഒഴുകി പോകുന്നത് തടസ്സപ്പെടുത്താതിരുന്നാൽ ഉരുൾപൊട്ടൽ നിയന്ത്രിക്കാൻ കഴിയും.16 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കുന്നതും വീടുവെക്കുന്നതും ഉരുൾപൊട്ടൽ ക്ഷണിച്ചു വരുത്തും. ചെരിവിൽ മരച്ചീനി, വാഴ, ചേന തുടങ്ങിയവ കൃഷി ചെയ്യുന്നതും ഒഴിവാക്കണം.
20 ഡിഗ്രിയിൽ കൂടുതൽ ചെരിവുളള പ്രദേശങ്ങിൽ കൃഷിയും
നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല. ഇത്തരം പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ കൂടുതൽ ഉണ്ടായിട്ടുള്ളത്. മലയോരത്ത് രണ്ടു ദിവസം തുടർച്ചയായി 300 മില്ലിമീറ്ററിലധികം മഴ പെയ്താൽ അവിടെ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻ്റെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടാൻ
മഴക്കാലത്ത് മലഞ്ചെരുവിൻ്റെ ഭാഗങ്ങളിൽ മൺപാളിയിൽ കാണുന്ന വിള്ളൽ ഉരുൾപൊട്ടലിന് കാരണമാകാം. മാത്രമല്ല ചെരിവിൽ കൃഷി ആവശ്യത്തിനും മറ്റും വെള്ളം കെട്ടി നിർത്തുന്നത് ഉരുൾപൊട്ടലിന് വഴിതെളിക്കും. ചെരിവിൽ കൃഷിയിറക്കുമ്പോൾ ഈ പ്രദേശത്തെ തട്ടുകളാക്കി തിരിച്ചാൽ ഉരുൾപൊട്ടൽ സാധ്യത കുറക്കാം.
വീട്ടുപറമ്പിൽ ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് മതിൽ ഇടിഞ്ഞു വീഴുക, വീടിൻ്റെ തറയിലും ചുവരിലും വിള്ളലുണ്ടാവുക എന്നിവ ഉരുൾപൊട്ടൽ വരുന്നതിൻ്റെ ലക്ഷണങ്ങളാവാം. ചെരിവിലാണ് വീടെങ്കിൽ ഇവിടത്തെ വലിയ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നത് മണ്ണിലേക്ക് കൂടുതൽ വെള്ളം കിനിഞ്ഞിറങ്ങാൻ ഇടയാക്കും. കനത്ത മഴ പെയ്യുമ്പോൾ മലഞ്ചെരുവിൽ നിന്ന് മാറി താമസിക്കണം.
പകൽ മുഴുവൻ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചിലപ്പോൾ രാത്രി ഉരുൾപൊട്ടലുണ്ടാകാം. കനത്ത മഴയിൽ തോടിലൂടെയും പുഴയിലൂടെയും പെട്ടെന്ന് ചെളിവെള്ളം ഒഴുകി വരുന്നത് ഉരുൾ പൊട്ടിയതിൻ്റെ സൂചനയാകാം.
Good ..informative article
Very good info. Thanks