വയനാട്ടിൽ ദുരന്തത്തിന് കൈത്താങ്ങായി ബെയ്ലി പാലം

ഗോപാലൻ പുതിയേടത്ത്

വയനാട്ടിൽ ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് പകരം ബെയ്ലി പാലം ഉയര്‍ന്നു. 190 അടി നീളത്തിലുള്ള പാലം ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പാണ് (എം.ഇ.ജി) നിർമ്മിച്ചത്.

പാലത്തിൻ്റെ ഭാഗങ്ങൾ ഡൽഹിയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ലോറികളിലാണ് ഇത് ചൂരൽമലയിൽ എത്തിച്ചത്.1942 ൽ

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രീട്ടീഷുകാര്‍ വ്യാപകമായി ഉപയോഗിച്ച ഈ പാലം ഡൊണാൾഡ് ബെയ്ലി എന്ന ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥൻ്റെ ഭാവനയിൽ രൂപം കൊണ്ട താൽക്കാലിക പാലമാണ്.

സ്റ്റീലും തടിയും കൊണ്ട് മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടി യോജിപ്പിച്ച് നിർമ്മിക്കുന്ന പാലം എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്ത് മാറ്റാവുന്നതുമാണ്. ക്രെയിൻ പോലുള്ള വലിയ ഉപകരണങ്ങൾ ഇല്ലാതെ തന്നെ ഇതിൻ്റെ ഘടകങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ് എന്നതാണ് പ്രത്യേകത.

ആദ്യം10 അടി നീളത്തിൽ 12 അടി വീതിയിൽ പാലത്തിൻ്റെ ഒരു യൂണിറ്റ് ഉണ്ടാക്കുന്നു. അതിൻ്റെ മുൻവശം ഘടിപ്പിച്ച റോളർ ഉപയോഗിച്ച് യൂണിറ്റ്  മുന്നോട്ട് നീക്കുന്നു. അതിന് ശേഷം അതിൻ്റെ പിന്നിലായി ഇതേ അളവിലുള്ള അടുത്ത യൂണിറ്റ് നിർമ്മിച്ച് മുമ്പ്


നിർമ്മിച്ച യൂണിറ്റുമായി ബോൾട്ടും നട്ടും പിന്നും ഉപയോഗിച്ച് ബന്ധിപ്പിച്ച് വീണ്ടും മുമ്പോട്ടേക്ക് നീക്കുന്നു. അങ്ങനെ ഓരോ യൂണിറ്റും കൂട്ടിച്ചേർത്ത് മറുകരയിൽ എത്തിക്കുന്നു. അതിന് ശേഷം ഇതിൻ്റെ പ്ലാറ്റ് ഫോം നിർമ്മിക്കുന്നു.

കേരളത്തിൽ ആദ്യമായി 1996ൽ പത്തനംതിട്ടയിലെ റാന്നി പാലം തകർന്നപ്പോഴാണ് ഈ താൽക്കാലിക പാലം നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. 2011ൽ ശബരിമല സന്നിധാനത്ത്  താൽക്കാലികമായി നിർമ്മിച്ചതാണെങ്കിലും ഇന്നും സ്ഥിരമായുള്ള പാലം പോലെ തന്നെ ഇത് ഉപയോഗിക്കുന്നു.

2017 ൽ അടൂരിനടുത്ത് എം.സി.റോഡിൽ ഏനാത്ത്  പാലം തകരാറിലായപ്പോൾ സൈന്യം ബെയ്ലി പാലം നിർമ്മിച്ചാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. വയനാട്ടിൽ ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായതോടെ
ജെ.സി.ബി.അടക്കം ഭാരമേറിയ വാഹനങ്ങൾക്ക് ഇതിലൂടെ പോകും.
പാലം തകർന്ന് ഒറ്റപ്പെട്ടു പോയ മുണ്ടക്കൈ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കാൻ ഇത് സഹായകമാകും

(വാട്ടർ അതോറിറ്റി റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് ലേഖകൻ )

One thought on “വയനാട്ടിൽ ദുരന്തത്തിന് കൈത്താങ്ങായി ബെയ്ലി പാലം

Leave a Reply

Your email address will not be published. Required fields are marked *