സിയാൽ അക്കാദമി ഏവിയേഷൻ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം
കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സി.ഐ.എ.എസ്.എൽ) നടത്തുന്ന എവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) യുടെ അംഗീകാരം.
മന്ത്രി പി.രാജീവ് സിയാൽ മാനേജിങ് ഡയറക്ടറും സി.ഐ.എ.എസ്.എൽ ചെയർമാനുമായ എസ്.സുഹാസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. പി.ജി. ശങ്കരൻ എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. കുസാറ്റിനെ പ്രതിനിധീകരിച്ച് രജിസ്ട്രാർ ഡോ.വി.ശിവാനന്ദൻ ആചാരിയും സി.ഐ.എ.എസ്.എൽ അക്കാദമിക്ക് വേണ്ടി സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, സിയാലിലെയും കുസാറ്റിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, സിയാൽ അക്കാദമി കുസാറ്റിൻ്റെ അംഗീകൃത സ്ഥാപനമായി മാറും. അക്കാദമിയിൽ പരിശീലനം നേടിയവർക്ക് പരീക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ കുസാറ്റിൻ്റെ അംഗീകാരത്തോടു കൂടി കോഴ്സുകൾ പൂർത്തീകരിക്കാനാവും.
കുസാറ്റുമായുള്ള പങ്കാളിത്തം സി.ഐ.എ.എസ്.എല്ലിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് എസ് സുഹാസ് പറഞ്ഞു. വ്യോമയാന രംഗത്ത് മികച്ച ഉദ്യോഗാർഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2009 ൽ സ്ഥാപിതമായ സിയാൽ ഏവിയേഷൻ അക്കാദമി ഏവിയേഷൻ മേഖലയിൽ വിവിധ പരിശീലന കോഴ്സുകൾ നൽകി വരുന്നു.
ഓരോ വർഷവും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് പരിശീലനത്തിനായി അക്കാദമിയിൽ എത്തുന്നത്. കാനഡയിലെ മോൺട്രിയലിലുള്ള എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ (എ.സി.ഐ) അംഗീകൃത പരിശീലന പങ്കാളി കൂടിയാണ് സി.ഐ.എ.എസ്.എൽ അക്കാദമി.