ലോകത്തിലെ വൻകിട തുറമുഖമായി വിഴിഞ്ഞം ഉയരുകയാണ്- മുഖ്യമന്ത്രി

ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ്  സാൻഫെർണോണ്ടോക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിത്. മദർ ഷിപ്പുകൾ  അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്.

അന്താരാഷ്ട്ര കപ്പൽ  ചാലിന്റെ കേവലം 11 നോട്ടിക്കൽ മൈലിനുള്ളിൽ  സ്ഥിതി ചെയ്യുന്നതും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴമുള്ളതുമായ തുറമുഖമാണിത്. മുഖ്യ കടൽപ്പാതയോട്  ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി ഇതു മാറും.

പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിൻറെ 35 ശതമാനം പൂർത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന ഔട്ടർ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന്റെ  നിർമ്മാണത്തിലും അനുബന്ധ വികസന പ്രവർത്തനങ്ങളിലും എത്രമാത്രം ശ്രദ്ധയാണ് സർക്കാർ ചെലുത്തുന്നതെന്ന് ഇതിൽ  നിന്ന് മനസ്സിലാകും.

800 മീറ്റർ കണ്ടെയ്‌നർ ബർത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 400 മീറ്റർ പ്രവർത്തന സജ്ജമാണ്. സ്വീഡനിൽ  നിന്നു കൊണ്ടുവന്ന 31 അത്യാധുനിക റിമോട്ട് കൺട്രോൾഡ്  ക്രെയിനുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് 8,867 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ  5,595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്.

അതുകൊണ്ടു തന്നെ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ  തുറമുഖമാണ്. രാജ്യത്ത് ആദ്യമായി തുറമുഖ നിർമ്മാണത്തിനായി യൂണിയൻ സർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. അദാനി കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാതാക്കളും നടത്തിപ്പുകാരും. ആ നിലയ്ക്ക് പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പിന്റെ ഉത്തമ മാതൃകയായി വളരേണ്ട സംരംഭമാണിത്.

സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിന്  കാട്ടിയ സഹകരണത്തിന് അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കാൻ കൂടി ഈ അവസരം ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം പദ്ധതികൾ സംസ്ഥാന ബജറ്റിൽ  ഉൾപ്പെടുത്തി നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ  5,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം കേരളം രാജ്യത്തിനാകെ നൽകുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം.

മദർഷിപ്പ് സാൻ ഫെർണാൻഡോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ് സോനോവാളും ചേർന് സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മന്ത്രി സർബാനന്ദ് സോനാവാൾ വിശിഷ്ടാതിഥിയായി.

തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ. ബാലഗോപാൽ,സജി ചെറിയാൻ, ജി. ആർ. അനിൽ, ഒ.ആർ.കേളു, എ.എ. റഹീം എം.പി, എം.വിൻസന്റ് എം.എൽ. എ, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ് അയ്യർ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, ഇടവക വികാരി ഫാ. മോൻസിഞ്ഞോർ നിക്കോളാസ് എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു.തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ടവതരിപ്പിച്ചു.

ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *