എ.ഐ സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം പ്രധാന കേന്ദ്രമാകും- മുഖ്യമന്ത്രി

ദ്വിദിന രാജ്യാന്തര എ ഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) മേഖലയില്‍ തദ്ദേശീയ സംഭാവനകള്‍ നല്‍കുന്നതില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്  കോര്‍പ്പറേഷന്‍ (കെ.എസ്‌.ഐ.ഡി.സി) ഐ.ബി.എമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.  ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എ.ഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ രാജ്യത്തെ ജെന്‍ എ.ഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്. ജെന്‍ എ.ഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ  പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും.

ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എ.ഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തില്‍ എ.ഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസായ നയത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം വ്യവസായ നയത്തിന് ആഗോള ശ്രദ്ധ നേടുന്നതിനും കോണ്‍ക്ലേവ് വഴിയൊരുക്കും. ജെന്‍ എ. ഐ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി റോബോട്ടിക്‌സിനെക്കുറിച്ചുള്ള ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴാം ക്ലാസ് മുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ എം.എ യൂസഫലി, ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, ഇലക്ട്രോണിക്‌സ് ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി, ഐ.ടി മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥന്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു
.

Leave a Reply

Your email address will not be published. Required fields are marked *