കൊച്ചി വിമാനത്താവളത്തിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ

കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട്  ഇ.വി ഡി.സി ഫാസ്റ്റ് ചാർജറുകളുടെ രണ്ട് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഈ  സ്റ്റേഷനുകളിൽ ഓരോന്നിലും  ഒരേസമയം നാല് ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സിയാലിൻ്റെ ശ്രമങ്ങളുടെ  ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

രണ്ട് ചാർജിങ് സ്റ്റേഷനുകളിലായി  60 കിലോവാട്ട് ഇ.വി ഡി.സി  ഫാസ്റ്റ് ചാർജറിൻ്റെ നാല് യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ടെർമിനലുകളിലുമായി ഒരേ സമയം എട്ട്  വാഹനങ്ങൾ ഒരുമിച്ച്  ചാർജ് ചെയ്യാം. ചാർജ് മോഡ് എന്ന ചാർജിങ് ആപ്പ് മുഖേനയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടതും തുക  അടക്കേണ്ടതും. ഉപഭോക്താക്കൾക്ക് താല്പര്യമുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പ് വഴി ഒരുക്കിയിട്ടുണ്ട്.

സിയാലിലെ ഇ.വി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ  പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വളർത്തുന്നതിനും മികച്ച വിമാനത്താവള അനുഭവം സാധ്യമാക്കുന്നതിനും സഹായകമാകുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്  പറഞ്ഞു. ഗ്രീൻ  ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ബി.പി.സി.എല്ലുമായുള്ള സംയുക്ത സംരംഭം  സുസ്ഥിരമായ ഭാവിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്. അതിന്റെ ഭാഗമായി സമീപഭാവിയിൽ തന്നെ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ട് – അദ്ദേഹം പറഞ്ഞു.

രാജ്യാന്തര-ആഭ്യന്തര പാർക്കിംഗ് സ്റ്റേഷനുകളിൽ ഒരേ സമയം 2800 കാറുകൾ പാർക്ക് ചെയ്യാനാകും. 600 കാറുകൾക്ക് കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമായി വരുന്നു. പാർക്കിംഗ് സ്ഥലത്തെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കാർപോർട്ടിൽ നിന്ന് മാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റോളം വൈദ്യുതി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *