സിന്തറ്റിക് പാലിനെതിരെ ബോധവൽക്കരണം വേണം- കേന്ദ്രമന്ത്രി ജോർജ് കുര്യൻ
സിന്തറ്റിക് പാൽ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരി ക്കേണ്ടതുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ട് കോട്ടയം കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ പനീർ പോലുള്ള പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉപയോഗം വ്യാപകമാണ്. ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ വാരണാസിയിലാണ് കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കർഷകർക്ക് പങ്കെടുക്കുന്നതിനുള്ള രാജ്യത്തെ അൻപതു ജില്ലകളിലൊന്നായി കോട്ടയത്തെ തെരഞ്ഞെടുത്തിരുന്നു.
കുമരകത്തെ കാർഷിക സർവകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വേദിയിലാണ് ചടങ്ങിൻ്റെ തൽസമയ സ്ട്രീമിങ് നടന്നത്. കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയൻ്റിസ്റ്റ് ഡോ. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു