ആയിരം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ തികച്ച് എറണാകുളം മെഡി.കോളേജ്
മുപ്പത് മാസത്തിനുള്ളിലാണ് ആയിരം ശസ്ത്രക്രിയകൾ നടത്തിയത്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞ മുപ്പത് മാസത്തിനുള്ളിൽ ആയിരം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. ഒരേ സമയം രണ്ടു മുട്ടുകൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണുള്ളത്.
മറ്റ് ആശുപത്രികളിൽ പരാജയപ്പെട്ട ശസ്ത്രക്രിയകളും വളരെ സങ്കീർണതകൾ നിറഞ്ഞ ഇടുപ്പെല്ല്, തോളെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇവിടെ വിജയകരമായി നടത്തിയിട്ടുണ്ട്.
പശ്ചാത്തല സൗകര്യ വികസനവും രോഗികൾക്കുള്ള സേവനം മെച്ചപ്പെടുത്തിയതുമാണ് മുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയയില്‍
ഇത്രയേറെ വർദ്ധന ഉണ്ടാകാൻ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
ചെലവേറിയ ഈ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സൗജന്യമായും ഈ പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിലുമാണ് നടത്തുന്നത്. ഈ കഴിഞ്ഞ കാലയളവിൽ എറണാകുളം മെഡിക്കൽ കോളേജിൽ അസ്ഥിരോഗ വിഭാഗത്തിൽ രോഗികളുടെ വലിയ വർദ്ധനയാണ് ഉണ്ടായത്.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോർജ്കുട്ടിയുടെയും,
പ്രഗൽഭരായ ഡോക്ടർമാരുടെയും മേൽനോട്ടത്തിൽ ദിവസേന പത്ത് മേജർ സർജറികളും കൂടാതെ എമർജൻസി സർജറി, മൈനർ സർജറി എന്നിവയും നടത്തുന്നു. അസ്ഥിരോഗ വിഭാഗത്തിൽ നാന്നൂറിലധികം ആളുകളാണ് ദിവസേന ചികിത്സക്ക് എത്തുന്നത്.