കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ
അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും.
നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സമ്മേളനത്തിൽ ഉയർന്നുവന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും.
പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക റൂട്‌സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജൻസികളുമായി ചേർന്ന് നടപ്പിലാക്കിവരുന്നു.
കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങൾ ആരംഭിച്ചു. കെ.എസ്.എഫ്.ഇ മുഖേന 403 സംരംഭങ്ങളും കെ.എസ്.ഐ.ഡി.സി മുഖേന 4 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ 8,000 ൽ അധികം സ്വയംതൊഴിൽ സംരംഭങ്ങൾ നടന്നുവരുന്നു. സംരംഭക തത്പരരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അവരുമായി ആശയവിനിമയം നടത്തുന്നതിന് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
ഈ സെന്ററിന്റെ ഭാഗമായി ആറായിരത്തോളം സംരംഭങ്ങൾ ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് 100 കോടിയിലധികം രൂപ സബ്‌സിഡി ഇനത്തിൽ അനുവദിച്ചിട്ടുണ്ട്. നൂറു കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ‘മീറ്റ് ദ മിനിസ്റ്റർ’ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
നിക്ഷേപകർക്ക് തങ്ങളുടെ പദ്ധതികൾ മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികൾ നാട്ടിൽ ഉള്ളപ്പോൾത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.