യാത്രക്കാർക്ക്  സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആഭ്യന്തര ടെർമിനലിൽ (ടി1) സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ആരംഭിച്ചു. എയർലൈൻ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് അവരുടെ ചെക്ക്-ഇൻ ബാഗുകൾ നേരിട്ട്  കൺവെയറുകളിൽ ഇടാൻ ഈ സൗകര്യം സഹായിക്കും. ഇൻഡിഗോ, എയർ ഏഷ്യ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഈ സംവിധാനം ഉപയുക്തമാക്കാൻ തുടങ്ങി.

ഇതോടെ ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ടെർമിനലുകൾ ഗേറ്റുകൾക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്‌കുകളിൽ നിന്ന് യാത്രക്കാർക്ക് ബോർഡിംഗ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം.

ടാഗ് സ്റ്റിക്കർ, ബാഗിൽ ഒട്ടിച്ച ശേഷം യാത്രക്കാർക്ക് സ്വയം ബാഗ് ഡ്രോപ്പ് സൗകര്യത്തിലേക്ക് പോകാനും അവരുടെ ബാഗുകൾ ഈ യന്ത്രത്തിലേ ക്കിടാനും കഴിയും. 27 മുതൽ 30 വരെയുള്ള ചെക്ക്-ഇൻ കൗണ്ടറുകളിൽ സിയാൽ നാല് സെൽഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാൻഡ്ലിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു.

മെഷീനുകൾ കാനഡയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള അതേ സംവിധാനമാണ് സിയാൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും കൊച്ചിൻ എയർപോർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യത്തിന് പുറമേ, കടലാസ് രഹിത യാത്ര ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിജി യാത്ര സംരംഭവും സിയാൽ നേരത്തെ ഒരുക്കിയിരുന്നു.  ടെർമിനൽ കവാടങ്ങൾ, സെക്യൂരിറ്റി, ബോർഡിംഗ് ഗേറ്റ് എന്നിവിടങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയലിനായി ഡിജി യാത്രാ സംവിധാനത്തിന് കഴിയും. ഡിജിയാത്രയുടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ സെൽഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാൽ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയിൽ യാത്രക്കാർക്ക് ബോർഡിംഗ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്-ഇൻ ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *