സുബ്രഹ്മണ്യൻ തിരുമുമ്പിനെ കുറിച്ച് ഡോക്യുമെന്ററി
സുബ്രഹ്മണ്യൻ തിരുമുമ്പിനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാവുന്നു.
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു താഴേക്കാട്ടു തിമിരി മനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന ടി.എസ്.തിരുമുമ്പ്. ഉപ്പു സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. കർഷക സംഘം നേതാവുമായിരുന്നു.
ബ്രാഹ്മണ നാടുവാഴി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരെത്തിയ ജാഥയ്ക്കുവേണ്ടി പാട്ടെഴുതി. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടു. ജയിലിൽ പോയതോടുകൂടി ബന്ധുക്കൾ അദ്ദേഹത്തെ സമുദായത്തിൽ നിന്നും പുറത്താക്കി. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.
രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് പാർട്ടിക്ക് നിരോധനം വന്നപ്പോൾ തിരുമുമ്പ് അറസ്റ്റിലായി.1948 ലെ പാർട്ടിയുടെ രണ്ടാം കോൺഗ്രസോടുകൂടി തിരുമുമ്പ് പാർട്ടിയിൽ നിന്നും വിടപറഞ്ഞു. ഇ.എം.എസ് തിരുമുമ്പിനെ ‘പാടുന്ന പടവാൾ ‘ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് ഭക്തിയിലേക്ക് തിരിച്ചുവന്ന തിരുമുമ്പ് 1984 ൽ എഴുപത്തിയെട്ടാം വയസിൽ അന്തരിച്ചു.
കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം നടപ്പിലാക്കുന്ന ‘തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രം’ എന്ന പദ്ധതിയിലാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. കവിയുടെയും ഭാര്യ കാർത്യായനിക്കുട്ടിയമ്മയുടെയും അടുത്ത ബന്ധുക്കൾക്ക് പുറമെ രാഷ്ട്രീയ,സാമൂഹിക, അദ്ധ്യാത്മിക മേഖലകളിലെ പ്രതിനിധികളെയും ഇന്റർവ്യു ചെയ്താണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിയുടെ പ്രൊജക്ട് ലീഡറും ഗവേഷണ കേന്ദ്രം ഉത്തര മേഖല ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ടി.വനജയാണ് ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. അർച്ചന.പി.വി, ശ്രീകാന്ത്.ടി.വി, സജീവ് കുമാർ എന്നിവരാണ് സാങ്കേതിക സഹായം. ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് രാജീവൻ രാമാസ് പയ്യന്നൂരാണ്.
ഡോക്യുമെന്ററിയുടെ പ്രിവ്യു കവിയുടെ ജന്മദിനമായ ജൂൺ 12 ന് നടന്നു. കവിയുടെ മക്കളായ വേണുഗോപാലൻ അടിയോടി, ചന്ദ്രൻ അടിയോടി, പ്രസന്ന തിരുമുമ്പ് തുടങ്ങിയവരും അമ്പു വൈദ്യർ, കരിവെള്ളൂർ, എൻ.രവീന്ദ്രൻ, കാലിക്കടവ് എന്നിവരും പ്രിവ്യു കാണാൻ എത്തിയിരുന്നു.