144 പേർ കൂടി എക്സൈസ് സേനയുടെ ഭാഗമായി

ലഹരി വസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് മന്ത്രി എം. ബി.രാജേഷ്
 
ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് എക്സൈസ്- തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 135 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും ഒമ്പത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരി ക്കുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന പരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്ന ഇത്തരം ശക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിദ്യാലയ അധികൃതർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരെ ഏകോപിപ്പിച്ചുള്ള സംഘടിത യജ്ഞമാണ് നടത്തുക.

പരിശീലനാർഥികളുടെ ഉയർന്ന വിദ്യാഭ്യാസം എക്സൈസ് വകുപ്പിന്റെ പ്രവർത്തികൾക്ക് കൂടുതൽ മികവ് പകരും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 450 പേരെ സേനയിൽ റിക്രൂട്ട് ചെയ്തു. അതിൽ 79 പേർ എക്സൈസ് ഇൻസ്പെക്ടർമാരാണ്. 26 പേർ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരാണ്. വനിതകൾ, ദുർബല വിഭാഗങ്ങൾ എന്നിവരെ നിയമിക്കുന്നതിൽ പ്രത്യേക ഊന്നലാണ് സർക്കാർ നൽകുന്നത് – മന്ത്രി പറഞ്ഞു.

പരിശീലനം പൂർത്തിയാക്കിയവരിൽ ബിരുദാനന്തര ബിരുദം-19, ബി.ടെക് – 35, ബിരുദം-73, പിജി ഡിപ്ലോമ- ഒരാള്‍, ടെക്‌നിക്കല്‍ വിഷയങ്ങളില്‍ ഡിപ്ലോമയുള്ള എട്ടുപേര്‍, പ്ലസ് ടു യോഗ്യതയുള്ള എട്ട് പേർ എന്നിവർ ഉള്‍പ്പെടുന്നു. 180 പ്രവര്‍ത്തി ദിവസം നീണ്ടുനിന്ന അടിസ്ഥാന പരിശീലനത്തില്‍ ആംസ് ഡ്രില്‍, ഡ്രില്‍ വിത്തൗട്ട് ആംസ് എന്നിങ്ങനെ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കമ്പ്യൂട്ടര്‍ പരിശീലനം, എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്ക്കാരി ആക്ട്, എന്‍.ഡി.പി.എസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, ഇന്ത്യന്‍ തെളിവ് നിയമം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കി.

തൃശൂര്‍ എക്‌സൈസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പരേഡിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പി.എം. പ്രദീപ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ ആർ. ഗോപകുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. മേയർ എം.കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം. എൽ. റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പൂത്തോൾ വാർഡ് കൗൺസിലർ സാറാമ്മ റോബ്സൺ, തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജി അജിത ബീഗം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *