കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും- മന്ത്രി
കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വീട്, സ്‌കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങൾ അങ്കണവാടികൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന കൈപുസ്തകങ്ങൾ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കത്തക്ക വിധത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്.
ഈ പുസ്തകത്തിലെ ടീച്ചർ പേജ് ക്യു.ആർ. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് കഥകളും പാട്ടും കാണാനും കേൾക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് -മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി എം.എസ്, മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.