പൂജാ സസ്യങ്ങൾ നട്ട് ഗുരുവായൂരില്‍ പരിസ്ഥിതി ദിനാചരണം
പൂജാ സസ്യങ്ങളും ഫലവൃക്ഷതൈകളും നട്ട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സംസ്ഥാന സർക്കാരിൻ്റെ ക്ഷേത്രാങ്കണം ചാരുഹരിതം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും തുടക്കമായി.
ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമുള്ള പുഷ്പങ്ങൾ ലഭിക്കുന്നതിനായി തെക്കേ നടയിലെ തീർത്ഥകുളത്തിന് സമീപം പൂജാ സസ്യങ്ങൾ നട്ടു കൊണ്ടായിരുന്നു പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കം.
ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ആദ്യ ചെടി നട്ടു. തെറ്റി, നന്ത്യാർവട്ടം, തുളസി ചെടികൾ നൂറെണ്ണമാണ് നട്ടത്.
തുടർന്ന് ക്ഷേത്രംതെക്കേ നടയിലെ കൂവള വൃക്ഷത്തെ ആദരിക്കുന്ന ചടങ്ങ് നടന്നു. അഷ്ടപദി അർച്ചനയോടെ കൂവള ചുവട്ടിൽ ആദ്യം
നിലവിളക്ക് തെളിയിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് കൂവള വൃക്ഷത്തെ മഞ്ഞപ്പട്ട് ചുറ്റി ആദരിച്ചു.
പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശ്രീകൃഷ്ണ കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ.ഹരിനാരായണൻ, ദേവസ്വം മുൻ ചീഫ് ഫിനാൻസ് ആൻ്റ് അക്കൗണ്ട്സ് ഓഫീസർ ജയചന്ദ്രൻ എന്നിവരെ ആദരിച്ചു.
ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ഫലവൃക്ഷതൈ നടീൽ ചടങ്ങ് ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആന താവളത്തിൽ വൃക്ഷതൈകൾ നട്ടു.
ദേവസ്വം കാവീട് ഗോശാലയിലും വെങ്ങാട് ഗോകുലത്തിലും ഫല വൃക്ഷ തൈ നടീൽ നടന്നു. കിഴക്കേ നടയിലെ കൗസ്തുഭം റെസ്റ്റ് ഹൗസ് പരിസരത്തും തെക്കേ നടയിലെ ശ്രീവൽസം അതിഥി മന്ദിര വളപ്പിലും ചെടികൾ നട്ടു. ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം നഗരസഭ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.