വൃക്ഷത്തൈകൾ നട്ട് കാസർകോട് ജില്ലയുടെ നാല്പതാം വാർഷികം ആഘോഷിച്ചു
എല്ലാ വകുപ്പുകളുടെയും വിവിധ ക്ഷേമ സേവന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് കൃത്യമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി എല്ലാ ജീവനക്കാരും പ്രയത്നിക്കണമെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.കാസർകോട് ജില്ലയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
കാസർകോട് ജില്ല രൂപീകരിച്ച് നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും കാസർകോട് ജില്ലക്കാരായ സർക്കാർ ജീവനക്കാർ കുറവാണ്. ഇതുപോലെ നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. സർക്കാർസേവനം എല്ലാവരിലും എത്തുമെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടർ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരത്തിൻ്റെ തൈനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ഉദ്യോഗസ്ഥരും വൃക്ഷത്തൈകൾ നട്ടു. വനവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് കൺസർവേറ്റർ എ.ഷജ്ന ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അസി. ഇൻഫർമേഷൻ ഓഫീസർ എ.പി ദിൽന എന്നിവർ സംസാരിച്ചു. കാസർകോട് ഗവ കോളേജിലെ എൻ. എസ്. എസ്. വിദ്യാർത്ഥികളാണ് വൃക്ഷത്തൈകൾ നടാൻ നിലം ഒരുക്കിയത്.