പേരാമ്പ്ര സീഡ് ഫാമിൽ വെള്ളരി വിളവെടുപ്പ് തുടങ്ങി
കോഴിക്കോട് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ വിത്തുല്പാദനത്തിനുള്ള വെള്ളരി വിളവെടുപ്പ് തുടങ്ങി. കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള ‘സൗഭാഗ്യ’ ഇനം വെള്ളരിയാണ് കൃഷി ചെയ്തത്.
കൃത്യതാ കൃഷി രീതിയിൽ വളം ജലസേചന വെള്ളത്തിൽ കൂടി
നൽകുന്ന ഫെർട്ടിഗേഷൻ രീതിയിലാണ് വളപ്രയോഗം നടത്തിയത്. പ്ലാസ്റ്റിക്ക് പുതയും നൽകിയിരുന്നു. ആദ്യ വിളവെടുപ്പിൽ തന്നെ നല്ല വിളവ് ലഭിച്ചു.
ഫെബ്രുവരി മൂന്നിനാണ് വെള്ളരി നട്ടത്. രണ്ടു മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. വെള്ളരി വിത്താവശ്യത്തിന് ആയതിനാലാണ് രണ്ടു മാസം കഴിഞ്ഞ് വിളവെടുത്തത്. പച്ചക്കറി ഉപയോഗത്തിനാണെങ്കിൽ ഇതിലും നേരത്തെ വിളവെടുപ്പ് നടത്താം.
പ്രധാനമായും വിത്തുല്പാദനത്തിനു വേണ്ടിയാണ് വെളളരി കൃഷി ചെയ്തതെന്ന് ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി.ഡയരക്ടർ പി.പ്രകാശ് പറഞ്ഞു. പച്ചക്കറിയായും ഇവിടെ നിന്ന് വില്പന നടത്താറുണ്ട്.