അസമിലെ നൃത്തമായ സത്രിയത്തിന് വേദിയൊരുക്കി താരകം
സുരേശൻ മോനാച്ച
അസമിലെ ശാസ്ത്രീയ നൃത്തമായ സത്രിയത്തിന് കേരളത്തിൽ വേദിയൊരുക്കി താരകം. കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിലെ തലിച്ചാലത്തുള്ള താരകം പൈതൃക ഭവനത്തിലാണ് സത്രിയം എന്ന പേരിൽ ഈ നൃത്തത്തിന് വേദിയൊരുക്കിയത്.
ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിൽ അവതരിപ്പിച്ച സത്രിയ താള രാഗ ഭാവ മുദ്രകളാൽ സമ്പന്നമായിരുന്നു. ഗുരുവിന് പ്രണാമമർപ്പിക്കുന്ന നൃത്തവും സർവ്വം സഹയായ ഭൂമിദേവിയെ പ്രണമിക്കുന്നതുമായ ഭാവ തീവ്രമായ നൃത്തച്ചുവടുകളാണ് ഡോ.അന്വേഷ മഹന്ത രംഗത്തവതരിപ്പിച്ചത്. സത്രിയ നൃത്തപരിപാടിക്കു മുമ്പ് മുഖാമുഖവും സോദാഹരണ ക്ലാസും ഉണ്ടായിരുന്നു.
15,16 നൂറ്റാണ്ടുകളിൽ അസമിൽ ജീവിച്ച ഒരു ഋഷി വര്യൻ ശങ്കർദേവ് ജാതി മത വർണ്ണ വ്യവസ്ഥകളെ തിരസ്ക്കരിച്ച് പുതിയൊരു ജീവിത ക്രമം രൂപപ്പെടുത്തി. അദ്ദേഹം ഹൈന്ദവരുടെ ഇടയിലുള്ള ഉച്ചനീചത്വങ്ങൾ അവസാനിപ്പിച്ച് ഏകാസരണ ധർമ്മത്തിൽ ആളുകളെ ഏകീകരിച്ച് നിർത്തി. സത്രങ്ങൾ രൂപീകരിച്ച് ബ്രഹ്മചര്യം ശീലിപ്പിച്ച് സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയും ഏക് സരൺ നാമ ധർമ്മ (ഏക ദൈവ വിശ്വാസ സമൂഹം) സന്യാസി മഠങ്ങൾ സൃഷ്ടിച്ചു.
അദ്ദേഹത്തിൻ്റെ കാലശേഷം ശിഷ്യന്മാരും സത്രം നിർമ്മിച്ച് അതിൽ സന്യാസ ജീവിതം അനുഷ്ഠിച്ചു വരുന്നു. ഇങ്ങിനെയുള്ള നൂറ് കണക്കിന് സത്രങ്ങൾ ഇന്നും അസമിലുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ അസമിലെ മജുലി എന്ന ദ്വീപിലാണ് ആദ്യ സത്രം പണിതത്. ആ ദ്വീപിൽ മാത്രം അറുപത്തഞ്ചോളം സത്രങ്ങൾ പിന്നീട് വരികയുണ്ടായി.
സത്ര മുഖ്യപുരോഹിതൻ സത്രാധികാരിയാണ്. പൂജയ്ക്കും നാമജപങ്ങൾക്കും (സങ്കീർത്ഥനങ്ങൾ) പുറമെ സത്രങ്ങളിൽ ഭക്തി രസ പ്രധാനങ്ങളായ നൃത്ത നാടകങ്ങളും ഉടലെടുത്തു. ‘അങ്ക്യ ഭാവൊന ‘ എന്ന
നൃത്ത നാടകം സംഗീതവും നൃത്തവും ഇഴുകി ചേർത്ത കലാരൂപമാണ്. മഹാവിഷ്ണുവിൻ്റെ അവതാര കഥകളും ഭാഗവതവുമാണ് അങ്ക്യാ ഭാവൊനയുടെ ഇതി വൃത്തത്തിന് ആശ്രയിക്കുന്ന പുരാണങ്ങൾ. ഇതിൽ നിന്ന് നൃത്തത്തെ മാത്രം വേർതിരിച്ചെടുത്ത് പ്രത്യേകമായി നിർമ്മിച്ചതാണ് സത്രിയ നൃത്തം.
കൂത്തമ്പലങ്ങളിൽ മാത്രം ചെയ്തിരുന്ന കേരളത്തിലെ കൂടിയാട്ടം പോലെ ആദ്യകാലത്ത് സത്രങ്ങളിൽ മാത്രമായിരുന്നു സത്രിയത്തിന് സ്ഥാനം. സത്രങ്ങളിൽ താമസിക്കുന്ന ബ്രഹ്മചാരി സമൂഹവും ബ്രഹ്മചാരികളല്ലാത്ത. കുടുംബ ജീവിതം നയിക്കുന്ന വൈഷ്ണവരായ ഭക്തരുമായിരുന്നു ഇതിൻ്റെ പ്രേക്ഷകർ.
കാലാകാലങ്ങളിൽ നർത്തകരും കലാനിരൂപകരും പണ്ഡിതരും മററും പരിഷ്കരിച്ച് രൂപപ്പെടുത്തിയെടുത്ത സത്രിയ നൃത്തം ഭരത മുനിയുടെ നാട്യ ശാസ്ത്രം, നന്ദികേശ്വരൻ്റെ അഭിനയ ദർപ്പണം, ശാർങ്ങ ദേവൻ്റെ സംഗീത രത്നാകരം തുടങ്ങിയ ഗ്രന്ഥങ്ങളിലെ അടിസ്ഥാന തത്വങ്ങളെ ആധാര മാക്കിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ എട്ട് ശാസ്ത്രീയ നൃത്തങ്ങളിൽ ഒന്നാണ് സത്രിയ നൃത്തം. രണ്ടായിരാമാണ്ടിലാണ് കേന്ദ്ര സംഗീത നാടക അക്കാദമി സത്രിയ നൃത്തത്തെ ശാസ്ത്രീയ നൃത്തമായി അംഗീകരിക്കുന്നത്. 2008ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഗുവാഹട്ടി കേന്ദ്രമായി സത്രിയ നൃത്തത്തിൻ്റെ പുരോഗതിക്ക് വേണ്ടി സത്രിയ കേന്ദ്രം തന്നെ ആരംഭിച്ചു.
സത്രിയ നൃത്തത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച ഗുരുക്കന്മാരുടെ ഒരു നിരതന്നെയുണ്ട്. ഗുരു ജതിൻ ഗോസ്വാമി, ഗുരു ഗണ കണ്ഠ ബോറ, ഗുരു മണിക്ക് ബർ ബയൻ, ഗുരു ബബനാനന്ദ ബർബയൻ, ഗുരു മൊണിറാം ദത്ത, ഡോ.ബുപൻ ഹസാരിക തുടങ്ങിയവർക്ക് പുറമെ ശരോഡി സൈക്ക്യ, ഇന്ദ്രാ ബോറ, അനിത ശർമ്മ, മല്ലിക കണ്ടലി എന്നീ സ്ത്രീ നർത്തകരും സത്രിയ നൃത്തത്തെ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ പല വേദികളിലും അവതരിപ്പിച്ച് വരുന്നു.
സത്രിയ നൃത്ത രംഗത്ത് ഇന്ന് അറിയ പ്പെടുന്ന നർത്തകരിൽ പ്രമാണിയാണ് ഡോ. അന്വേഷ മഹന്ത. ഗുരു ഗണകണ്ഠ ബോറയിൽ നിന്ന് വർഷങ്ങളോളം പഠിച്ചെടുത്ത് വികസിപ്പിച്ചതാണ് അന്വേഷയിലെ സത്രിയ നൃത്തം. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മാത്രമല്ല ലോകത്തിൻ്റെ പല വേദികളിലും അന്വേഷ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് അവതരണ കലയിൽ ഡോക്ടറേറ്റ് നേടിയ അന്വേഷ മഹന്ത കുറച്ച് കാലം ഗുവാഹത്തി ഐ.ഐ.ടിയിൽ അദ്ധ്യാപികയായിരുന്നു .