മുംബൈയിലെ വീട്ടുമുറ്റം വരെയെത്തിയ ആനപ്രേമം

സംഗീത് ഭാസ്ക്കർ

ആനകൾ നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കുന്ന കാലത്ത്  കേരളത്തിലെ ഏറ്റവും  തലയെടുപ്പുള്ള  ആനയെ മുംബൈയിൽ വീട്ടുമുറ്റത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഒരു മലയാളി വ്യവസായി. സുബോധ് മേനോനാണ് ഈ ആനപ്രേമി.

പാലക്കാട് സ്വദേശിയായ സുബോധ് മേനോൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോർഫ് കെറ്റൽ കെമിക്കൽസിൻ്റെ സ്ഥാപക ഡയരക്ടറാണ്. മുംബൈയിലെ വീട്ടുമുറ്റത്ത് പത്തടി ഉയരമുള്ള

സുബോധ് മേനോൻ

കരിവീരൻ്റെ ദാരുശില്പം തലയുയർത്തി നിൽക്കുന്ന കാഴ്ച മനോഹരമാണ്.
പാമ്പാടി രാജനെന്ന ആനയുടെ ഈ ശില്പം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം പിടിക്കുകയും ചെയ്തു. പാലക്കാട് ജനിച്ച മേനോന് ആനക്കമ്പം ജന്മസിദ്ധമാണ്. മുംബൈയിലാണെങ്കിലും പാലക്കാട്ടേയും തൃശ്ശൂരിലെയും ആന നിറഞ്ഞ പൂരക്കാഴ്ചകൾ  സുബോധ് മേനോനിൽ ആവേശം ജനിപ്പിക്കുന്നവയാണ്.  ആനയെ മുംബൈ എന്ന മഹാനഗരത്തിൽ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് മരത്തിൽ തീർത്ത  ഗജവീരനെ വീട്ടുമുറ്റത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്.

2021ലെ കേരളത്തിൽ നിന്നുള്ള ഒരു വാർത്തയാണ് അദ്ദേഹത്തിൻ്റെ  സ്വപ്നം  സാക്ഷാൽക്കരിക്കാൻ ഇടയായത്. കേരളത്തിലെ ഒരു ശില്പി  മരത്തിൽ ആനയെ നിർമ്മിച്ചതായിരുന്നു ആ വാർത്ത. അത്തരത്തിലൊരാനയെ തനിക്കും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ശില്പി  സൂരജ് നമ്പ്യാട്ടിനെ ഉടനെ തന്നെ ബന്ധ പ്പെടുകയുമായിരുന്നു. 2021 ൽ രണ്ട് മണിക്കൂറിൽ ചെറിയ ആറ് ആന ശില്പങ്ങൾ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റക്കോർഡും ഏഷ്യ ബുക്ക് ഓഫ് റക്കോർഡും സ്വന്തമാക്കിയ ശില്പിയാണ് സൂരജ് നമ്പ്യാട്ട്.

ആന പ്രേമികളുടേയും ഭക്തജനങ്ങളുടേയും ഹൃദയത്തിൽ ഇടംപിടിച്ച ഗജവീരന്മാരായ  ഗുരുവായൂർ കേശവൻ, പാമ്പാടി രാജൻ, മംഗലാംകുന്ന് കർണ്ണൻ, തിരുവമ്പാടി ശിവസുന്ദർ  എന്നിവയ്ക്ക് പുറമെ  നെടുങ്കാമുവെ രാജ എന്ന ശ്രീലങ്കൻ ആനയെയും സാറ്റാവെ എന്ന  ആഫ്രിക്കൻ

സൂരജ് നമ്പ്യാട്ട്

ആനയേയുമാണ് അദ്ദേഹം രണ്ട് മണിക്കൂർ കൊണ്ട് കരവിരുതിൽ തീർത്ത് റിക്കാർഡിട്ടത്. സിന്തറ്റിക്ക് ക്ലേ ഉപയോഗിച്ച് നാല് ഇഞ്ച് വലിപ്പത്തിലാണ് അന്ന് ആനകളെ നിർമ്മിച്ചത്.

പത്ത് വർഷത്തിലേറെയായി ആന ശില്പങ്ങൾ ചെയ്യുന്ന സൂരജ് നമ്പ്യാട്ട്  ഫൈൻ ആർട്ട്സിൽ മാസ്റ്റേർസ് ബിരുദം നേടിയ ശില്പി കൂടിയാണ്. ഇതിന് മുമ്പ് ഇദ്ദേഹം ചെയ്ത ശിവസുന്ദർ എന്ന ആന ശില്പം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്യാം നമ്പ്യാട്ട്, മനോജ്, അഭിജിത്ത്  നമ്പ്യാട്ട് എന്നിവരെ കൂടാതെ പത്തോളം മരപ്പണിക്കാരും ഈ ഗജശില്പത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചു.

2023 ജൂണിൽ തന്നെ  ശില്പം പൂർത്തിയായിരുന്നു. എന്നാൽ  ഇത് മുംബെയിലെത്തിച്ച് കൂട്ടി യോജിപ്പിക്കാൻ സമയമെടുത്തു. ലക്ഷണമൊത്തതും ജീവിച്ചിരിക്കുന്ന ഏറ്റവും തലയെടുപ്പുള്ളതുമായ പാമ്പാടി രാജനെന്ന ആനയുടെ ദാരു ശില്പം സ്വന്തമാക്കിയതിൽ അഭിമാനിക്കുകയാണ് സുബോധ് മേനോൻ. കേരളത്തിലെഏറ്റവും വലിപ്പമുള്ള മറ്റാനകളുടെ ഉയരം ഒമ്പത് അടിയാണെന്നിരിക്കെ പത്തടിയിലാണ് ഇത് നിർമ്മിച്ചത്.  മസ്തകത്തിന് പത്തര അടി ഉയരമുണ്ട്.

മഹാഗണി, ആഞ്ഞിലി, കുന്നി, വാഗ തുടങ്ങിയ മരങ്ങളാണ് ശില്പത്തിന് ഉപയോഗിച്ചത്. ജോയൻ്റുകൾക്കും മറ്റുമായി അൽപം ഇരുമ്പും  ഈ കരിവീരന് വേണ്ടി വന്നുവെന്ന് സൂരജ് നമ്പ്യാട്ട് പറയുന്നു. 2024 ജനുവരി 31നാണ് മരത്തിൽ തീർത്ത  ആന ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിക്കുന്നത്. കേരളത്തിൻ്റെ കലകളെ സംരക്ഷിക്കാനും കേരളീയ ചുമർചിത്രങ്ങളും വാദ്യവും മറ്റ് കലാരൂപങ്ങളും പരിശീലിപ്പിച്ച് കലാകാരന്മാർക്ക്  സഹായങ്ങൾ നൽകാനും  സുബോധ് മേനോൻ എന്നും മുൻ നിരയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *