കൊച്ചിയില്‍ മെഷിനറി എക്സ്പോ കാണാൻ ജനത്തിരക്ക്
മെഷിനറി എക്സ്പോ കാണാൻ ജനത്തിരക്ക്
ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി മെഷിനറി എക്സ്പോ- 2024. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച എക്സ്പോ ഫെബ്രുവരി 13ന് സമാപിക്കും.
പായ്ക്കിങ് യന്ത്രങ്ങൾ, പേപ്പർ ബാഗ് നിർമ്മാണ യന്ത്രങ്ങൾ, കറിപ്പൊടി, ചിപ്സ് മറ്റ് ബേക്കറി നിർമ്മാണ ഉപകരണങ്ങൾ എന്നിവ കാണാനും ഓർഡർ നൽകാനും ആളുകൾ ഏറെ. കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിലെ മെഷിനറി എക്സ്പോ അവസാന നാളിലേക്കു കടക്കുമ്പോള്‍ ഇതിനകം കാല് ലക്ഷത്തിലേറെ പേരാണ് കാണാനെത്തിയത്.
ഉദ്ഘാടന ദിനം മുതല്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി എക്സ്പോയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ യന്ത്ര പ്രദര്‍ശനവും ലൈവ് ഡെമോയും
കാണാനും യന്ത്രനിര്മ്മാതാക്കളുമായി സംവദിക്കാനുമായി എത്തി. സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സ്കൂളുകളും ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ മേളയ്ക്കെത്തിച്ചു.
ആറാമത് എക്സ്പോയില്‍ 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന് നിര്‍മ്മാണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. അതിനൂതന ട്രെന്‍ഡുകള്‍ മുഖ്യ ആകര്‍ഷണമായി. ഹെവി മെഷീനറികള്‍ക്കായി 5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആറ് ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ പ്രദര്‍ശനം സെക്റ്റര്‍ അടിസ്ഥാനത്തിലാണ്. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.