ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു
കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള പ്രതിസന്ധികള്
മറികടക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആലുവയിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാനുസൃതമായ മാറ്റം കെ.എസ്.ആർ.ടി.സിയിൽ അനിവാര്യമാണ്.
ഉദ്യോഗസ്ഥർക്ക് കൃത്യമായി ഒരുമിച്ച് ശമ്പളം നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പ്രശ്നത്തിൽ കൃത്യമായി പരിഹാരമുണ്ടാകും. മുടങ്ങിക്കിടക്കുന്ന പെൻഷനും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ആർ.ടി.ഒ ഓഫീസുകളിൽ ഫയലുകൾ പിടിച്ചു വെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു ഫയലും ഇത്തരത്തിൽ അഞ്ചു ദിവസത്തിൽ കൂടുതൽ ആർ.ടി.ഒ ഓഫീസുകളിൽ പിടിച്ചു വെക്കാൻ പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കും. ദീർഘദൂര സർവീസുകൾക്ക് നിലവിലുള്ളതിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ എ.സി ബസുകൾ ഉപയോഗപ്പെടുത്തും. തിരുവനന്തപുരം – കോഴിക്കോട് തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ ഈ ബസുകൾ ഉപയോഗിക്കും.
വാഹന നികുതി കൃത്യമായി പിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ ബജറ്റിൽ ടൂറിസ്റ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നികുതി കുറച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ബസ്സുകൾ മറ്റു സംസ്ഥാനങ്ങളിൽ പോയി രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും രജിസ്ട്രേഷന് കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ടു കോടി 64 ലക്ഷം രൂപയും കെ.എസ്. ആർ. ടി. സിയിൽ നിന്ന് അഞ്ച് കോടി 92 ലക്ഷം അനുവദിച്ചാണ് പുതിയ ബസ്സ് സ്റ്റേഷൻ നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എം അൻവർ അലി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.