സി.ഐ.എ.എസ്.എൽ അക്കാദമിക്ക് അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ ലിമിറ്റഡ് അക്കാദമിക്ക് വ്യോമയാന മേഖലയിലെ വിവിധ കോഴ്സുകൾ നടത്താനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു.
വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് സി.ഐ.എ.എസ് എല്ലിന് ലഭിച്ച സർട്ടിഫിക്കറ്റ് അനാച്ഛാദനം ചെയ്തു. കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന് വേണ്ടി വിവിധ കോഴ്സുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും ഇതോടെ സി.ഐ.എസ്.എല്ലിന് അനുമതിയായി.
എ.സി.ഐ അംഗീകൃത ഏവിയേഷൻ മാനേജ്മെന്റിൽ പരിശീലന കോഴ്സിനായി പ്രവേശനം ലഭിച്ചിട്ടുള്ള ആദ്യ ബാച്ചിന്റെ ഉദ്ഘാടനവും ഇതിനായി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഹൈ-ടെക് ക്ലാസ് റൂമിന്റ ഉദ്ഘാടനവും മന്ത്രി രാജീവ് നിർവഹിച്ചു. വ്യോമയാന മേഖലയിലെ വിവിധ തൊഴിലുകൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ കുട്ടികളെ പ്രാപ്തരാക്കാൻ സി.ഐ.എ.എസ്.എല്ലിന്റെ പരിശീലനത്തിന് കഴിയുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, സിയാൽ ഡയറക്ടർ എൻ.വി.ജോർജ്, സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിൽ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ.ജോർജ്, ജയരാജൻ വി, ചീഫ് ഫിനാഷ്യൽ ഓഫീസർ സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.