392 തൂണുകൾ, 44 വാതിലുകൾ; രാമക്ഷേത്രം നാഗര ശൈലിയിൽ
പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ ക്ഷേത്ര മാതൃകയായ നാഗര ശൈലിയിലാണ് ഇതിൻ്റെ നിർമ്മാണം. ക്ഷേത്രത്തിൻ്റെ നീളം കിഴക്ക്-പടിഞ്ഞാറ് 380 അടിയും വീതി 250 അടിയുമാണ്. ഉയരം 161 അടി. കൊത്തു പണികളോടുകൂടിയ 392 തൂണുകളും 44 വാതിലുകളും ക്ഷേത്രത്തിൻ്റെ പ്രൗഡിയാണ്.
തൂണുകളും ഭിത്തികളും ദൈവങ്ങളുടെ വിഗ്രഹങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. താഴത്തെ നിലയിലെ പ്രധാന ശ്രീകോവിലിലാണ് ശ്രീരാമന്റെ ബാല്യകാല രൂപം ( രാംലല്ല വിഗ്രഹം) സ്ഥാപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പ്രധാന കവാടം കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 32 പടികൾ കയറി വേണം അകത്ത് എത്താൻ. അഞ്ച് മണ്ഡപങ്ങൾ ക്ഷേത്രത്തിലുണ്ട്.
നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണിവ. ക്ഷേത്രത്തിനടുത്തായി പുരാതന കാലഘട്ടത്തിലെ കിണർ (സീത കൂപ്പ്) കാണാം. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്, കുബേർ തിലയിൽ, ശിവന്റെ പുരാതന ക്ഷേത്രം പുനഃസ്ഥാപിച്ചു, ഒപ്പം ജടായു പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
അടിത്തറ 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർ.സി.സി) പാളി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് കൃത്രിമ പാറയുടെ രൂപം നൽകിയിരിക്കുകയാണ്. നിർമ്മാണത്തിൽ ഒരിടത്തും ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷയ്ക്കുള്ള ജല പമ്പ്, പവർ സ്റ്റേഷൻ എന്നിവയുമുണ്ട്.