ഡോ.കെ.പ്രതാപന് എം.എസ്.സ്വാമിനാഥൻ അവാർഡ്
ഡി.വൈ.പാട്ടീൽ അഗ്രികൾച്ചർ ആൻ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.പ്രതാപന് ഡോ.എം.എസ് സ്വാമിനാഥൻ മെമ്മോറിയൽ അവാർഡ്. അഗ്രോണമിയിലും ക്രോപ്പ് പ്രൊഡക് ഷൻ മാനേജ്മെൻ്റിലുമുള്ള മുപ്പത് വർഷത്തെ സംഭാവനകൾ മാനിച്ചാണ് അവാർഡ്.
ഗുജറാത്ത് നാഷണൽ ഫാമിംഗ് ആൻറ് സയൻസ് യൂണിവേഴ്സിറ്റി, ഐ.ഐ.എം.യു – മീററ്റ്, ഐ.സി.എം.ആർ എന്നിവയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കാർഷിക സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. കാർഷിക മേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ, കർഷകർക്കായി നടത്തിയ വികസന പദ്ധതികൾ എന്നിവ കൂടി പരിഗണിച്ചാണ് അവാർഡ്.
ഡോ. പ്രതാപൻ ഇപ്പോൾ മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡി. വൈ പാട്ടീൽ അഗ്രികൾച്ചർ ആൻ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറായി പ്രവർത്തിച്ചു വരികയാണ്. ഐ.സി.എ.ആർ, എൻ.എ.സി.സി, യു.ജി.സി എന്നിവയിലും ഇന്ത്യാ ഗവൺമെന്റിന്റെ മറ്റ് കമ്മിറ്റികളിലും മൂല്യനിർണ്ണയ ഓഫീസറായി പ്രവർത്തിക്കുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ആജീവനാന്ത അംഗവും ഉപദേഷ്ടാവുമാണ്. പത്തിലേറെ വിദേശ സർവകലാശാലകളുമായി അന്താരാഷ്ട്ര ഫാക്കൽറ്റികൾക്കും വിദ്യാർത്ഥികളുടെ പരിശീലനത്തിനും ഇന്റേൺഷിപ്പിനും ഗവേഷണത്തിനും കോൺഫറൻസുകൾക്കുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
1996-2021 കാലഘട്ടത്തിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള ഡയറക്ടർ, അഗ്രികൾച്ചർ പി.പി.എം സെൽ ഡയറക്ടർ, കേരഫെഡ്, ഹോർട്ടികോർപ്പ്, കേരള ഫീഡ്സ്, എം.പി.ഐ കേരള എന്നിവയുടെ എം.ഡി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.