പടിഞ്ഞാറ്റയിലെ വിശുദ്ധ മണാട്ടികളും പനിമരുന്നും

ശശിധരൻ മങ്കത്തിൽ

സന്ധ്യയ്‌ക്ക്‌ നാമം ചൊല്ലിയാലേ രാത്രിയാകും മുമ്പ്‌ ചോറ്‌ കിട്ടൂ. ‘നാമം ചൊല്ലാത്തവര്‍ക്ക്‌ ചോറില്ല’- വലിയമ്മയുടെ ശാസന വരുന്നതിന്‌ മുമ്പുതന്നെ ഞങ്ങള്‍ കുട്ടികള്‍ കിഴക്കേ വരാന്തയില്‍ പായയിട്ട്‌ നാമം ചൊല്ലാനിരിക്കും. പക്ഷേ പടിഞ്ഞാറ്റയില്‍ നിന്ന്‌ പുറത്തേക്കു വരുന്ന വഴിയോടുചേര്‍ന്ന്‌ ഇരിക്കാന്‍ പേടിയാണ്‌. സന്ധ്യയാകുന്നതോടെ മണാട്ടി തവളകള്‍ പുറത്തേക്കു നിരനിരയായി ഇറങ്ങുന്ന വഴിയാണത്. എന്തായാലും അറ്റത്ത്‌ ഇരിക്കുന്ന ഒരാള്‍ക്ക്‌ മണാട്ടിയെ പേടിച്ചിരിക്കേണ്ടിവരും.എന്റെ കുട്ടിക്കാലത്ത്‌ മണാട്ടി തവളകളുടെ ‘വീടാ’യിരുന്നു ഞങ്ങളുടെ കൊയോങ്കരയിലെ മങ്കത്തില്‍ തറവാട്‌. പടിഞ്ഞാറ്റ, കൊട്ടില്‍, കോമ്പിരി, അകത്തിറയം എന്നിങ്ങനെ മുറികളിലെ മൂലയിലെല്ലാം മണാട്ടികള്‍ ഒളിച്ചിരിക്കും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്കിന്‌ താഴെ ദൈവങ്ങളുടെ ചിത്രങ്ങള്‍ വെച്ച സ്ഥലത്ത്‌ കിണ്ടി, കവളിക തുടങ്ങി കുറെ ഓട്ടുപാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചിരിക്കും. പകല്‍ അതിനകത്തും കാണും മണാട്ടികള്‍. തണുത്തവെള്ളത്തില്‍ സുഖകരമായ ‘പൊങ്ങിക്കിടപ്പ്‌ ‘. വീട്ടിലുള്ളവര്‍ മണാട്ടികളെ കാര്യമാക്കാറില്ല. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഇവയൊരു തലവേദനയായിരുന്നു. പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേക്കും പോകാന്‍ തന്നെ പേടിയാണ്‌. പടിഞ്ഞാറ്റയുടെ പടിക്ക്‌ താഴെ മണാട്ടിയുണ്ടാകും. ബൈക്കില്‍ പോകുമ്പോള്‍ ഇടുന്ന ജാക്കറ്റ്‌ ധരിച്ചതുപോലെ, മുകള്‍ഭാഗത്ത്‌ ഓടിന്റെ നിറം. ഇരുഭാഗത്തും കാലും കൈയും കറുപ്പ്‌. നോക്കുമ്പോള്‍ അനങ്ങാതെ അങ്ങനെ ഇരിക്കും. കണ്ണുരുട്ടി കീഴ്‌ത്താടിയുടെ താഴെഭാഗം ചലിപ്പിച്ചുകൊണ്ടേയിരിക്കും. ചിലപ്പോള്‍ ഒറ്റച്ചാട്ടമാണ്‌. ചാട്ടം മിക്കവാറും നമ്മുടെ ദേഹത്തേക്കായിരിക്കും. വീട്ടിൽ രാത്രി ഉറങ്ങാതെ കിടക്കുന്ന ചെറിയ കുട്ടികളെ  ‘വേഗം ഉറങ്ങിക്കോ മണാട്ടി വരും’ എന്ന്‌ വലിയമ്മ പറഞ്ഞ്‌ പേടിപ്പിക്കുകയും ചെയ്യും. എല്ലാ വീടുകളിലും മണാട്ടികളുണ്ടാകും. ഇവ ചിലപ്പോള്‍ തോന്നുന്ന സമയത്ത്‌ പുറത്തേക്കും അകത്തേക്കും പോകും. ആരും ചോദിക്കാനും പറയാനുമില്ല. പടിഞ്ഞാറ്റയില്‍ പാർവ്വതി വല്യമ്മ  മോര്‌ കലത്തിലാക്കി ഒരു മൂലയില്‍ വെച്ചിട്ടുണ്ടാകും. ഉച്ചക്ക്‌ കളി കഴിഞ്ഞുവന്ന്‌ ദാഹിച്ച്‌ മോര്‌ എടുത്ത്‌ ഞങ്ങള്‍ സംഭാരം ഉണ്ടാക്കാന്‍ വട്ടംകൂട്ടും. പക്ഷേ പടിഞ്ഞാറ്റയിലേക്ക്‌ പോകാന്‍ പേടിയാണ്‌. എങ്ങനെയെങ്കിലും കയറി മോര്‌ എടുക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന്‌ മണാട്ടി ചാടിവീഴുമെന്ന്‌ ഉറപ്പാണ്‌. ചിലപ്പോള്‍ കലം കൈയില്‍ നിന്ന്‌ വീണ്‌ പൊളിയും. കൊട്ടിലിലെ പത്തായത്തിലാണ്‌ ശര്‍ക്കരയും അവലും മറ്റും സൂക്ഷിക്കുന്നത്‌. ആരും കാണാതെ അത്‌ ഞങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കും. പകല്‍ സമയത്തും ഇരുട്ടുള്ള കൊട്ടിലില്‍ കയറി ശ്വാസമടക്കി പിടിച്ചാണ്‌ പത്തായത്തിന്റെ പലക തുറക്കുക. ചിലപ്പോള്‍ മണാട്ടികള്‍ ചാടിവീണ്‌ ഞങ്ങളുടെ ‘ശര്‍ക്കര മോഷണം’ കുളമാക്കും. വലിയമ്മ സംഗതി അറിയുകയും ചെയ്യും. പിറ്റെ ദിവസം മുതല്‍ ശര്‍ക്കരയുടെ സ്ഥാനം മാറും. മോര്‌ കലത്തിന്റെ മുകളില്‍ സ്ഥാനംപിടിക്കുന്ന മണാട്ടിയെ വലിയമ്മയെ സോപ്പിട്ട്‌ അടിച്ചിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വലിയമ്മ ഇവയെ മുറ്റത്തേക്ക്‌ ആക്കിയാല്‍ തത്‌ക്കാലം സമാധാനമാണ്‌. പക്ഷേ വൈകുന്നേരമാകുന്നതോടെ ഈ പോയ കക്ഷികള്‍ പടിഞ്ഞാറ്റയില്‍ അതേ സ്ഥാനത്ത്‌ ഇരിപ്പുണ്ടാകും. സന്ധ്യയ്‌ക്കു നാമം ചൊല്ലുന്ന സമയത്ത്‌ മണാട്ടികള്‍ ഒന്നിനുപിറകെ ഒന്നായി മുറ്റത്തേക്ക്‌ പോകും. രാവിലെ വാതില്‍ തുറക്കാന്‍ നേരത്ത്‌ ഇവ പടിക്കുതാഴെ കാത്തിരിക്കുന്നുണ്ടാകും, അകത്തു കയറാന്‍. ‘രാത്രി ഡ്യൂട്ടി’ കഴിഞ്ഞ്‌ എല്ലാവരും പടിക്കു താഴെ ഇരിക്കുന്ന അന്നത്തെ കാഴ്‌ച കൗതുകകരമായിരുന്നു. പകല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്‌ പേടിച്ചാണ്‌ തവളകള്‍ വീട്ടിനുള്ളില്‍ കഴിയുന്നതെന്ന്‌ നാട്ടിലൊരു കഥയുണ്ട്‌. രാവിലെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറ്റയിലെ മണാട്ടികള്‍ പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേത്‌ കൊട്ടിലിലേക്കും വഴിതെറ്റാതെ പോകുന്ന കാഴ്‌ച എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്‌. ഉടുത്തൊരുങ്ങിയ കല്ല്യാണപ്പെണ്ണിനെ പോലെ സുന്ദരിയായതു കൊണ്ടാകാം, ഇവയുടെ പേര് മണവാട്ടി തവളകൾ എന്നാണ്. മണവാട്ടി നാട്ടിൽ പിന്നെ ‘മണാട്ടി’യായതാണ്. തെയ്യംതവള, അമ്മായിത്തവള എന്നീ പേരുകളും ഇവയ്ക്കുണ്ട്. കാലാവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയുന്നതു പോലെയാണ് ഇവയുടെ ജീവിതം. മണാട്ടികളുടെ കാലാവസ്ഥാപ്രവചനം ഇന്നാലോചിച്ചു നോക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മണാട്ടികളുടെ ‘പെര്‍ഫോമന്‍സ്‌ ‘. ചില ദിവസങ്ങളില്‍ മണാട്ടികള്‍ രാവിലെ തന്നെ കരയാന്‍ തുടങ്ങും. ക്രൂത്ത്‌……, ക്രൂത്ത്‌……., ക്രൂത്ത്‌…… ഇതിനെതിരായി ഞങ്ങളും ക്രൂത്ത്‌, ക്രൂത്ത്‌,  ശബ്ദം ഉണ്ടാക്കും.

മണാട്ടിതവളകള്‍

മണാട്ടികള്‍ കരയുമ്പോള്‍ വലിയമ്മ പറയും ‘ഇന്ന്‌ രാത്രി എന്തായാലും മഴയുണ്ടാകും’.സംഗതി റെഡി. അന്ന്‌ രാത്രി കനത്ത മഴ! ആകാശം മേഘാവൃതമായിരിക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റേഡിയോയിലെ കാലാവസ്ഥയൊന്നും നാട്ടുകാര്‍ക്ക്‌ വേണ്ട, മണാട്ടികള്‍ മതി. മണാട്ടികള്‍ക്ക്‌ കര്‍ഷകരുടെ വീടുകളിലെ പിടഞ്ഞാറ്റയില്‍ സ്ഥാനം കിട്ടിയത്‌ ഇവ കാലാവസ്ഥാ പ്രവാചകരായതുകൊണ്ടാണോ എന്ന്‌ ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ ഒരു മാസികയില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഡയറക്ടറോട്‌ ഉദ്യോഗസ്ഥന്റെ ചോദ്യം-“സാര്‍, ഇന്ന്‌ എന്താണ്‌ അറിയിപ്പ്‌ കൊടുക്കേണ്ടത്‌ “. മുറിയുടെ മൂലയില്‍ നിന്ന്‌ മണാട്ടികള്‍ കരയുന്നത്‌ കേട്ട ഡയറക്ടര്‍-“മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കൊടുത്തേക്ക്‌ ” ! തറവാടുകളിലെ അംഗങ്ങളായിരുന്ന മണാട്ടികള്‍ക്ക്‌ വീടുകളില്‍ അന്ന്‌ വേണ്ടത്ര സംരക്ഷണവും കിട്ടിയിരുന്നു. ആരും ഒന്നിനെപ്പോലും കൊന്നതായി പറയുന്നത്‌ കേട്ടിട്ടില്ല. രാത്രി പെട്രോമാക്‌സുമായി കുണിയന്‍ പുഴ കടന്നു വരുന്ന തവളപിടുത്തക്കാരന്‍ രാഘവനും മണാട്ടിയെ പിടിക്കാറില്ല.കൈയും കാലും നേര്‍ത്ത് ഇറച്ചിയില്ലാത്തതു കൊണ്ടാവാമിത്. അവര്‍ക്ക്‌ വേണ്ടത്‌ വലിയ ‘പേക്കന്‍ തവള’യെയാണ്‌. ഫംഗോയിഡ് ഫ്രോഗ്, മലബാർ ഹിൽ ഫ്രോഗ് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. മുംബൈ മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടമാണ് ഇവയുടെ ആവാസസ്ഥലം. എന്നാൽ പണ്ട് കാലത്ത് ഇവ നാട്ടിലും വീട്ടിലുമായി വളരെ ഇണങ്ങി ജീവിച്ചിരുന്നു. ഹൈട്രോഫിലാക്സ് മലബാറിക്കസ് എന്നാണ്  ശാസ്ത്രനാമം. ഇതിനോട് സാമ്യമുള്ള ഹൈഡ്രോഫിലാക്സ് ബഹുവിസ്താര എന്ന മറ്റൊരിനത്തെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ കണ്ടുവരുന്നുണ്ട്. അതിനിടെ ഹൈഡ്രോഫിലാക്സ് ബഹുവിസ്താര എന്നഇനത്തിൽ നിന്ന് എച്ച്-1 പനിക്കെതിരെയുള്ള മരുന്ന് കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. ഈ തവളകളുടെ തൊലിയിലെ ‘ഉറുമിൻ ‘എന്ന രാസവസ്തുവിൽ നിന്നാണ് അമേരിക്കയിലെ എമൊറി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ജോഷി ജേക്കബ്ബിന്റെ നേതൃത്വത്തിൽ മരുന്ന് വേർതിരിച്ചെടുത്തത്.ഇതിന്റെ ഗവേഷണങ്ങൾ നടന്നുവരികയാണിപ്പോൾ. ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും യഥേഷ്ടം വിഹരിക്കുന്ന ഈ ഔഷധ തവളകള്‍ ‘വിശുദ്ധ മണവാട്ടികള്‍’ തന്നെയാണ്‌. ഇന്ന്‌ തറവാടുകളിലൊന്നും മണാട്ടികളെ കാണാനില്ല. ഇവ വംശനാശത്തിന്റെ വക്കിലാണ്

One thought on “പടിഞ്ഞാറ്റയിലെ വിശുദ്ധ മണാട്ടികളും പനിമരുന്നും

  1. വളരെ ശരിയാണ് ശശിയേട്ടാ. അന്നത്തെ കാലത്തെ മിക്കവാറും എല്ലാ വടക്കേ മലബാറിലെ കുട്ടികളുടേയും അനുഭവം ഇതു തന്നെ ആയിരിക്കും. ചുരുങ്ങിയപക്ഷം പടിഞ്ഞേറ്റിയും അകത്തിറയവും, കൊട്ട് ളയും കോമ്പിലിയും പോലുള്ള ഇരുട്ടകങ്ങളുമുള്ള അത്രയുമില്ലെങ്കിലും പടിഞ്ഞേറ്റിയിൽ കിണ്ടിയും വെള്ളവും വെക്കുന്ന പതിവുള്ള കാസർഗോഡിന്റെ തെക്കൻ ഗ്രാമങ്ങളിലുള്ള കുട്ടികളുടേയും അനുഭവം ഇതു തന്നെ ആയിരിക്കും. പടിഞ്ഞേറ്റിയിൽ പായ വിരിച്ചുറങ്ങുന്ന നേരത്ത് മേത്ത് തണുത്ത് തുള്ളി വീഴുന്ന മണവാട്ടികളെ അറു വെറുപ്പോടെ പുതപ്പ് കുടഞ്ഞ് എറിയുമ്പോൾ ചുവരിൽ തട്ടി താഴെ വീഴുന്ന മണവാട്ടികൾ “പൂമ്പാറ്റ” ക്കഥകളിലേപ്പോലെ രാജകുമാരന്മാരായി മാറുന്നുണ്ടോന്ന് കൗതുകത്തോടെയും ഒട്ടൊരു വിഹ്വലതയോടെയും ഒളിച്ച് നോക്കിയിരുന്ന ആ നിഷ്കളങ്ക ബാല്യത്തെ മുന്നിലെത്തിച്ചു തന്നതിന് നന്ദി ശശിയേട്ടാ. കൗതുകത്തോടെയും

Leave a Reply

Your email address will not be published. Required fields are marked *