ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന് ആഘോഷിക്കും
പൊങ്കാല മഹോത്സവം17 മുതൽ 26 വരെ
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ ആഘോഷിക്കും. ഫെബ്രുവരി 25 നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഉത്സവത്തിന് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു.
പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിക്കും മന്ത്രി നിർദേശം നൽകി.
തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതൽ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, മഹോത്സവത്തിന്റെ നോഡൽ ഓഫീസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് ശോഭ.വി എന്നിവർ യോഗത്തിൽ പങ്കെടുത്തു.