കോപ്പറിൽ കരവിരുതുമായി മഹാരാഷ്ട്രയിൽ നിന്ന് ഭാവന പാട്ടീൽ
മാല, വള, കമ്മൽ എന്നുവേണ്ട വീട്ടിൽ തൂക്കിയിടുന്ന ഭംഗിയുള്ള അലങ്കാര വസ്തുക്കൾ കൗതുകം തന്നെ. എല്ലാം കോപ്പറിൽ ഉണ്ടാക്കിയവ. മഹാരാഷ്ട്രയിൻ നിന്ന് കരകൗശല വസ്തുക്കളുമായി എറണാകുളത്തെ സരസിന്റെ വേദിയിൽ എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി ഭാവന പാട്ടീലും സംഘവും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മേള.
അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ സ്റ്റാളിലുണ്ട്. വർണ്ണ കല്ലുകളുടെ പൊടികൾ ഉപയോഗിച്ച് മനോഹരമായ ചിത്രപ്പണികളോടെയാണ് ഓരോ വസ്തുക്കളും വിപണിയിലേക്ക് എത്തുന്നത് . മഹാരാഷ്ട്രയിലെ 10 പേര് അടങ്ങുന്ന മഹാലക്ഷ്മി മഹിളാ ബച്ചത് ഘട്ടിലെ വനിതകളുടെ കരവിരുതിലാണ് മനോഹരമായ ഈ വസ്തുക്കൾ രൂപപ്പെടുന്നത്. കാലപ്പഴക്കം കൊണ്ട് നിറംമങ്ങുന്നത് ഒഴിവാക്കാൻ കോപ്പർ ഓക്സിഡൈസ് ചെയ്താണ് വസ്തുക്കൾ നിർമിക്കുന്നത്.
സൂര്യനും, പൂക്കളും, ഇലകളും, പറവകളും എല്ലാം ചിത്രങ്ങളായി ഓരോ വസ്തുക്കളെയും മനോഹരമാക്കുകയാണ്. കീ ചെയിൻ, അഗർഭത്തി സ്റ്റാൻഡ്, പ്ലേറ്റുകൾ , കമ്മൽ, മാല, വാൾ ഹാങ്ങിങ്സ്, ചിത്രങ്ങൾ, വിളക്ക്, വള എന്നിവ കോപ്പറിൽ മനോഹരമായ ഡിസൈനിൽ ഇവിടെ ലഭ്യമാണ്. കോപ്പറിൽ എനാമൽ വർക്കുകളോടെ എത്തുന്ന വസ്തുക്കൾ ഏറെക്കാലം നീണ്ട് നിൽക്കുന്നവയാണ്. 2024 ജനുവരി ഒന്ന് വരെ സരസിൽ ഇവ ലഭ്യമാകും.