നവകേരള സദസ്സിന് മുഖ്യമന്ത്രിയുടെ ബസ്സ് വരുന്നത് ജങ്കാറില്‍

ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയം ജില്ലയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് എത്തുന്നത് വേമ്പനാട് കായൽ കടന്ന്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ജങ്കാറിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സ് എത്തുക.

ഡിസംബര്‍ 14ന് ഉച്ചക്ക് ശേഷം വൈക്കത്ത് നിന്നും ജങ്കാറിൽ ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്.  മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സും രണ്ട് സുരക്ഷാ വാഹനങ്ങളുമാണ് ജങ്കാറിൽ കയറ്റുക. കോട്ടയം ആലപ്പുഴ ജില്ലകളെ വേർതിരിക്കുന്ന വേമ്പനാട് കായലിൽ യാത്രക്കാർക്കായി സോളാർ ബോട്ട് സർവ്വീസും വാഹനങ്ങൾ കയറ്റി കൊണ്ടുവരുന്നതിനായി ജങ്കാർ സർവ്വീസുമുണ്ട്.

ജങ്കാറിലേക് വാഹനം വാഹന ഉടമയ്ക്ക് തന്നെ ഓടിച്ചു കയറ്റി അതിൽ തന്നെയാത്ര ചെയ്യാം. മുഖ്യമന്ത്രിയുടെ ബസ്സ് അതേപടി ജങ്കാറിൽ കയറ്റുമ്പോൾ എല്ലാവർക്കും അതിൽ തന്നെയിരിക്കാം. വൈക്കത്തുനിന്ന് രണ്ടര കിലോമീറ്റർ വേമ്പനാട് കായലിലൂടെ യാത്ര ചെയ്തു വേണം തവണക്കടവിലെത്താൻ. യാത്രയ്ക്ക് 20 മിനുട്ടോളം വേണം.

ഇതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. ജങ്കാറിന്റെ സുരക്ഷ, ലോഡിംഗ് കപ്പാസിറ്റി തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു. ജങ്കാര്‍ ഇറങ്ങിയ ശേഷം അരൂര്‍ മണ്ഡലത്തിലെ വേദിയായ അരയങ്കാവ് ക്ഷേത്ര ഗ്രൗണ്ടിലേക്കാണ് സംഘം പോകുന്നത്. ഇവിടേക്കുള്ള വഴിയും അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്ന വേദിയും പരിശോധിച്ചു. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ചേര്‍ത്തല തഹസില്‍ദാര്‍ മനോജ് കുമാര്‍  തുടങ്ങിയവർ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *