പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പനെ തൊഴുത് ഗവർണർ

എഴുപത്തിരണ്ടാം പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പ സന്നിധിയിലെത്തി ദർശന സായുജ്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപം നിന്ന്  ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു.  പിറന്നാൾ സമ്മാനമായി കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടങ്ങുന്ന പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണ്ണർക്ക് നൽകി.

ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗവർണർ  ഗുരുവായൂരിൽ തൊഴാൻ എത്തുന്നത്.  രാമസേവാ സമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയപ്പോഴാണ് ഗവർണർ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദേവസ്വം ചെയർമാൻ ഗവർണറെ ഷാൾ അണിയിച്ചു. 2024 വർഷത്തെ ദേവസ്വം ഡയറി ചെയർമാൻ ഗവർണ്ണർക്ക് സമ്മാനിച്ചു. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്. പിറന്നാൾ ദിനമായതിനാൽ അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്. ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം സി.മനോജും അഡ്മിനിസ്ട്രറ്ററും ഗവർണർക്കൊപ്പം പങ്കുചേർന്നു. മെയ് ആറിന് ഗവർണർ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *