മങ്കൊമ്പ് കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

എം.എസ്. സ്വാമിനാഥൻ ലോകത്തിന് മാതൃകയായ ശാസ്ത്രജ്ഞൻ- മന്ത്രി പി. പ്രസാദ് 
 
ശാസ്ത്രം സാധാരണ മനുഷ്യന് വേണ്ടിയുള്ള പ്രവർത്തനമാണെന്ന്  ജീവിതം കൊണ്ടും കർമമേഖലകൊണ്ടും തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ എന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
ശാസ്ത്രജ്ഞൻ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും ലോകത്തിന് മാതൃകയാകാൻ അദ്ദേഹത്തിനായി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ഡോ. എം. എസ്. സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടനാടിന്റെ കൃഷിയും ജീവിതവും ഹൃദയത്തിൻ സൂക്ഷിച്ചിരുന്ന എം.എസ്. സ്വാമിനാഥൻ എന്ന മഹാപ്രതിഭയുടെ  സംഭാവനകളുടെ സ്മരണാർത്ഥം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’ എന്ന് അറിയപ്പെടുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

രാജ്യസ്നേഹം എന്നാൽ എന്താണ് എന്ന് പതിറ്റാണ്ടുകൾക്കപ്പുറം തന്നെ അദ്ദേഹത്തിന് നിർവചിക്കാനായി. ഒരു രാജ്യം എന്നാൽ അവിടത്തെ മണ്ണും മനുഷ്യനും ചേരുന്നതാണെന്നും അവിടുത്തെ മനുഷ്യരെ സഹായിക്കുകയാണ് ശരിയായി രാജ്യസ്നേഹമെന്നും അദ്ദേഹം മനസ്സിലാക്കി. അവസാനത്തെ മനുഷ്യനെ കൂടി പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രാജ്യസ്നേഹവും രാഷ്ട്രീയവും. ഏറ്റവും സാധാരണ മനുഷ്യരാണ് എം.എസ്. സ്വാമിനാഥന്റെ ചിന്തകളിൽ എന്നും നിറഞ്ഞു നിന്നതെന്നും മന്ത്രി പറഞ്ഞു.

സ്വാമിനാഥന്റെ ജന്മനാടുകൂടിയാണ് കുട്ടനാട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ 1940-ലാണ് നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പിൽ സ്ഥാപിതമാകുന്നത്. 1972-ൽ കാർഷിക സർവകലാശാല രൂപീകൃതമായതോടെ പ്രവർത്തനം സർവകലാശാലയുടെ കീഴിലേക്ക് മാറ്റി.

കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., തോമസ് കെ. തോമസ് എം.എൽ.എ., ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ(റിട്ട.) ഡോ. പി.എസ്. ജോൺ, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അംഗവും  സ്വാമിനാഥന്റെ കുടുംബാംഗവുമായ എം.കെ. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *