‘ചാന്ദ്രതാര’യിലെ താരങ്ങളായ ശാസ്ത്രജ്ഞരെ ആദരിച്ചു
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെയും സർക്കാർ എഞ്ചിനിയറിങ് കോളേജിലെ പൂർവവിദ്യാർഥികളായ പ്രമുഖരെയും ആദരിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജ് (സി.ഇ.ടി) സംഘടിപ്പിച്ച ചാന്ദ്രതാര പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രത്യക്ഷമായ സാക്ഷ്യപത്രമാണ് സി.ഇ.ടി യിലെ പൂർവ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന വർത്തമാനകാലത്ത്
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ ലോകമാകെ പ്രസരിപ്പിക്കുന്നതിന് ചാന്ദ്രയാൻ നേട്ടത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായ മലയാളികൾ കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ 19 ശാസ്ത്രജ്ഞർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി.ഇ.ടിയിലെ 619 പൂർവ വിദ്യാർത്ഥികളായ പ്രമുഖരെയാണ് ചടങ്ങിൽ ആദരിച്ചത്. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ശശി തരൂർ എം.പി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ഇവരെ അഭിനന്ദിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.സേവ്യർ. ജെ.എസ്,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. രാജശ്രീ.എം.എസ്, വി.എസ്.എസ്.സി ഡയരക്ടർ എസ്.ഉണ്ണികൃഷ്ണൻ, എൽ.പി.എസ്.സി ഡയരക്ടർ വി.നാരായണൻ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയരക്ടർ എം. മോഹൻ, എസ്.ഡി.എസ്.സി ഡയരക്ടർ എ. രാജരാജൻ, ഐ.ഐ.എസ്.യു ഡയരക്ടർ പദ്മകുമാർ ഇ.എസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.