ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ച് ഡാവിഞ്ചി സുരേഷ്
ചിത്രകലയിൽ എന്നും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉറുമ്പുകളെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ചു. തീറ്റ പ്രിയരായ ഉറുമ്പുകൾ സുരേഷിന്റെ ചിത്രം ഗംഭീരമാക്കുകയും ചെയ്തു എന്നു വേണം പറയാൻ
കൊടുങ്ങല്ലൂർ തിരുവള്ളൂർ മാടവനയിലെ വീട്ടുപറമ്പിലാണ് ഈ പരീക്ഷണം നടന്നത്. ചെടികള്‍ നടാനായി വീടിന്റെ മതിലിലോട് ചേര്‍ന്ന് കുത്തി കിളച്ചപ്പോൾ ഉറുമ്പിന്റെ കൂട് കണ്ടു. എന്നാൽപ്പിന്നെ ഇവരെക്കൊണ്ട് ഒരു ചിത്രം തീര്‍ത്താലോ എന്നായി സുരേഷ്. അങ്ങിനെ പഞ്ചസാര ലായനി കലക്കി ബ്രഷു കൊണ്ട് പേപ്പറില്‍ സ്വന്തം ചിത്രം വരച്ചു.
ഇത് ഉറുമ്പു കൂടിനുടുത്ത് വെച്ച് കുറേ കാത്തിരുന്നു. പഞ്ചസാര ലായനി കൊണ്ട് വരച്ചവരയിലെല്ലാം ഉറുമ്പ് കയറിയാൽ ഭംഗിയുള്ള ചിത്രമുണ്ടാകും. അപ്പോൾ ഫോട്ടോ എടുക്കാമെന്ന് കരുതി കാത്തിരുന്നു. ആദ്യമൊക്കെ ഓടിവന്ന ഉറുമ്പ് ഒരരികില്‍ നിന്നു മാത്രം തിന്നു തീര്‍ക്കാന്‍ തുടങ്ങി. ചിത്രത്തിനു മുകളിലേക്ക് വേണ്ട രീതിയിൽ കയറിയില്ല. നമ്മുടെ സൗകര്യത്തിന് ഉറുമ്പ് നിന്നു തരില്ല എന്ന്‍ ആദ്യ ദിവസം തന്നെ ബോധ്യമായെന്ന് സുരേഷ് പറയുന്നു. രണ്ടാം ദിവസം തേന്‍ പുരട്ടി പരീക്ഷണം തുടര്‍ന്നു .
ഇതിനിടയില്‍ ചെറിയ ഉറുമ്പ് വന്ന് കരിമ്പന്‍ ഉറുമ്പുകളെ ഓടിച്ചു. എത്ര ശ്രമിച്ചിട്ടും കാത്തിരുന്നിട്ടും ചിത്രം പൂര്‍ത്തിയാകുന്ന മട്ടില്ല. മൂന്നാം ദിവസം ശര്‍ക്കര വെച്ചായി പരീക്ഷണം. ഇതിനിടയില്‍ കരിമ്പന്‍ ഉറുമ്പ് മറ്റൊരു സ്ഥലത്തു കൂടുകൂട്ടി. ചെറിയ ഉറുമ്പിന്റെ ശല്ല്യം അവിടെയില്ല. ശര്‍ക്കര പുരട്ടി വരച്ച പേപ്പര്‍ അവിടെകൊണ്ടു വെച്ചു. കുറേ കരിമ്പന്‍ ഉറുമ്പുകള്‍ കൂട്ടില്‍ നിന്ന് ചാടിക്കയറി വന്നു. ഉറുമ്പുകൾ ശർക്കര വരയിൽ നിരന്നപ്പോൾ പരീക്ഷണം വിജയമാണെന്ന് ഉറച്ചു.
ചിത്രത്തിന്റെ രൂപത്തിൽ തന്നെ ഉറുമ്പുകൾ അണിനിരന്നു. വീഡിയോ എടുക്കാന്‍ മൊബൈലുമായി കാത്തിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി രണ്ടിഞ്ച് മാത്രം വലുപ്പമുള്ള ഒരു കുഞ്ഞന്‍ ആമ സ്ഥലത്തെത്തിയത്. എന്നാപ്പിന്നെ ഇവനെ വെച്ചു ഉറുമ്പു ചിത്ര പരീക്ഷണം അവസാനിപ്പിക്കാമെന്ന് വെച്ചു അങ്ങിനെ ആമയും ചിത്രത്തിന് ഭംഗി കൂട്ടി. – സുരേഷ് പറയുന്നു. എന്തായാലും ഉറുമ്പുകള്‍ക്ക് രണ്ടുമൂന്നു ദിവസം കുശാലായി മധുരം കിട്ടി. ലോക് ഡൗൺ കാലത്ത് 63 ദിവസം തുടർച്ചയായി കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ചിത്രങ്ങൾ വരച്ച് സുരേഷ് മാധ്യമ ശ്രദ്ധ നേടിയിരുന്നു. കാർട്ടൂൺ അക്കാദമി കോവിഡ് പ്രതിരോധത്തിന്നായി എല്ലാ ജില്ലകളിലും കാർട്ടൂൺ മതിൽ ഒരുക്കിയപ്പോൾ സുരേഷ് ഒട്ടേറെ കാർട്ടൂണുകളും വരച്ചിരുന്നു.